റിയാദ്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും അപൂർവുമായ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ആറ് മിനിട്ടോളമാണ് ചന്ദ്രൻ സൂര്യനെ മറച്ച് സൗദിയെ ഇരുട്ടിലാക്കുന്നത്. 2027 ഓഗസ്റ്റ് രണ്ടിനാണ് പൂർണ സൂര്യഗ്രഹണത്തിന് സൗദി സാക്ഷ്യം വഹിക്കുന്നത്. 75 വർഷങ്ങൾക്കുശേഷമാണ് സൗദിയിൽ ഇത്രയും നീണ്ട പൂർണ സൂര്യഗ്രഹണമുണ്ടാകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര സംഭവമെന്നാണ് പ്രതിഭാസത്തെ സൗദി സ്‌പേസ് ഏജൻസി വിശേഷിപ്പിച്ചത്.
അബ പോലെയുള്ള തെക്കൻ പ്രദേശങ്ങളിൽ ഏകദേശം ആറ് മിനിട്ടും ജിദ്ദയുൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിൽ അഞ്ച് മിനിട്ടും 50 സെക്കന്റും പൂർണ ഇരുട്ട് അനുഭവപ്പെടും. ഗ്രഹണ സമയത്ത് പകൽ വെളിച്ചം മാറി ഇരുട്ടിലാകും. അന്തരീക്ഷ താപനില കുറയും. ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ കൊറോണ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കും.
2027 ഓഗസ്റ്റ് രണ്ടിന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21നും 1.44നും ഇടയിൽ രാജ്യത്ത് പൂർണമായും ഇരുട്ട് പരക്കും. വൈകുന്നേരം മൂന്ന് മണിയോടെ ഗ്രഹണം അവസാനിക്കും. ഗ്രഹണ സമയത്ത് സുരക്ഷാ ഗ്ളാസുകൾ ഇല്ലാതെ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല. ഇത് കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകൾ വരാനിടയാക്കുമെന്ന് സൗദി സ്‌പേസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
Saudi Arabia is preparing to witness the century's longest total solar eclipse on August 2, 2027. The rare event, lasting approximately six minutes and the first of its duration in 75 years for the region, will plunge parts of the country into complete darkness. The Saudi Space Agency has cautioned against viewing the eclipse directly without approved safety glasses due to permanent eye damage risks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |