
കോഴിക്കോട് എൻ.ഐ.ടി മൈതാനത്തെ പുത്തൻ സിന്തറ്റിക് ട്രാക്കിനെ തീപിടിപ്പിച്ച് നടന്ന ഹഡിൽസ് പോരാട്ടങ്ങളിൽ താരമായത് അനാമിക അജേഷെന്ന ആലപ്പുഴക്കാരി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 8 വർഷം പഴക്കമുള്ള റെക്കാഡ് തിരുത്തിയാണ് ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്തിന്റെ അനാമിക പൊന്നിലേക്ക് ഫിനിഷ് ചെയ്തത്. 2018ൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ അപർണ റോയ് കുറിച്ച 13.85 സെക്കൻഡിന്റെ റെക്കാഡാണ് അനാമിക തിരുത്തിയത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇതേ ഇനത്തിൽ സ്വർണവും ഹെപ്റ്റാത്ത്ലണിൽ വെള്ളിയും നേടിയിരുന്നു. ഡിസംബറിൽ നടക്കുന്ന വേൾഡ് സ്‌കൂൾ മീറ്റിൽ 100 മീറ്റർ ഹഡിൽസിൽ മത്സരിക്കാനൊരുങ്ങുകയാണ് അനാമിക. ചേർത്തല കഞ്ഞിക്കുഴി അജേഷിന്റെയും സോണിയുടെയും മകളാണ്. സ്പോർട്സ് കൗൺസിൽ കോച്ച് കെ.ആർ സാംജിയാണ് പരിശീലകൻ. നേരത്തേ സാംജിയുടെ മറ്രൊരു ശിഷ്യൻ അതുൽ ടി.എം സീനിയർ ആൺകുട്ടികളുടെ 100 മീറ്രറിൽ റെക്കാഡോടെ സ്വർണം നേടിയിരുന്നു. പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസിലെ എൻ.എസ്.വിഷ്ണുശ്രീവെള്ളിയും കണ്ണൂർ തലശേരി സായിയിലെ അന്ന റോസ് രാജു വെങ്കലവും നേടി.
ഇരട്ടപ്പൊന്ന്
ഇന്നലെ നടന്ന 4-100 മീറ്റർ റിലേയിൽ സ്വർണം നേടിയ ആലപ്പുഴ ടീമിലും അനാമികയുണ്ടായിരുന്നു. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹഡിൽസിൽ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയിലെ അമൽ കൃഷ്ണ 13.91 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തി. കണ്ണൂർ എ.വി.എസ് ഗവ. എച്ച്.എസ്.എസ് കരിവെള്ളൂരിലെ കെ.അഭിനവ് വെള്ളിയും പാലക്കാട് മുണ്ടൂർ എച്ച്.എസ്.എസിലെ കെ.എ അലൻജിത് വെങ്കലവും സ്വന്തമാക്കി. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്രർ ഹഡിൽസിൽ തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഗൗരേഷ് ബിനോയ് 13.96 സെക്കൻഡിൽ ഒന്നാമതെത്തി. പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസിലെ ആർ.വൈഭവ് ദേവ് വെള്ളിയും കോഴിക്കോട് സായിയിലെ മുഹമ്മദ് ആഹിൽ ലബീബ് വെങ്കലവും നേടി.
ജൂനിയർ പെൺകുട്ടികളുടെ100 മീറ്റർ ഹഡിൽസിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ടി.വി.ദേവശ്രീ 14.63 സെക്കൻഡിൽ ഓടിയെത്തി പൊന്നായി. പാലക്കാട് മുണ്ടൂർ എച്ച്.എസിലെ എം.റെയ്‌ഹാന വെള്ളിയും പാലക്കാട് പറളി എച്ച്.എസിലെ സി. കെ.സ്വാതി കൃഷ്ണൻ വെങ്കലവും നേടി.
സബ്ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ മലപ്പുറം കടകശേരി ഐഡിയലിലെ കെ.വി. മുഹമ്മദ് ഇസാൻ (12.17 സെക്കന്റ്) സ്വർണം നേടി. തിരുവനന്തപുരം ജി.വി. രാജയിലെ എം. ശ്രീഹരി വെള്ളിയും കൊല്ലം ചവറ മുക്കുതോട് ജി.യു.പി.എസിലെ സബിർ ഉദ്ദീൻ വെങ്കലവും നേടി. സബ്ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹഡിൽസിൽ പാലക്കാട് മുണ്ടൂർ ഹൈസ്‌കൂളിലെ സിദ്ധ സുരേഷ് 13.19 സെക്കൻഡിലാണ് സുവർണ ഫിനിഷ് നടത്തിയത്. കോട്ടയം ഭരണങ്ങാനം സിഎസ്എച്ച്എസ്എസിലെ അനുഗ്രഹ കൃഷ്ണ വെള്ളിയും തിരുവനന്തപുരം ജി.വി. രാജയിലെ കെ.ടി. അസ്ഹ ഷാൻ വെങ്കലവും സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |