ന്യൂഡൽഹി: വലിയ പ്രതീക്ഷകളോടെയായിരുന്നു ആരാധകരും മുൻ താരങ്ങളും ഭുവനേശ്വർ കുമാറിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ ഉറ്റുനോക്കിയത്. ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ അദ്ദേഹം ടീമിൽ ഇടംപിടിച്ചതോടെ നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം ദേശീയ ടീമിൽ തിരിച്ചെത്തിയത്. വരുംദിവസങ്ങളിൽ മറ്റ് ഫോർമാറ്റുകളിലും ഭുവനേശ്വറിനെ പരിഗണിക്കാനുള്ള ആദ്യപടിയായാണ് താരത്തിന്റെ തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിലും ഭുവിക്ക് അവസരം ലഭിച്ചിരുന്നു.
എന്നാൽ, ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിലെ പ്രകടനം അത്ര മികച്ചതായില്ല. ആദ്യ മത്സരത്തിൽ 49 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും താരം നേടിയിരുന്നില്ല. രണ്ടാം മത്സരത്തിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നാം മത്സരത്തിൽ 40 റൺസ് വഴങ്ങിയിട്ടും വിക്കറ്റ് നേടാനായില്ല. മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു വിക്കറ്റ് മാത്രമാണ് ഭുവിയുടെ സമ്പാദ്യം.
ഇപ്പോഴിതാ ഭുവി എറിയുന്ന പന്തിൽ പഴയ വേഗവും മൂർച്ചയും കാണാനില്ലെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുയാണ് മുൻ ഇന്ത്യൻ താരവും 1983ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. അതേസമയം, തിരിച്ചുവരവിന് ആവശ്യമായ സമയം നൽകണമെന്ന അഭിപ്രായവും മുൻ താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. 2026 ഐ.പി.എല്ലിൽ ഭുവി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. 16 മത്സരങ്ങളിൽനിന്ന് 28 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം. ആ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരവും ഭുവിയായിരുന്നു.
'ഭുവനേശ്വർ കുമാറിന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. പന്തിന്റെ വേഗം കുറഞ്ഞിരിക്കുന്നു. പഴയ മൂർച്ചയോ കരുത്തോ ഇല്ല. ബാറ്ററുടെ അടുത്തേക്ക് എത്തുന്നത് ശക്തിയില്ലാത്ത പന്തുപോലെയാണ്. എന്നാൽ ഐ.പി.എല്ലിൽ അദ്ദേഹം മികച്ച വേഗത്തിലാണ് പന്തെറിഞ്ഞത്,' ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
അതേസമയം, ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനായി കഴിഞ്ഞ നാലുവർഷവും താൻ പ്രത്യേകമായി ഒന്നുംചെയ്‌തിട്ടില്ലെന്നാണ് ഭുവിയുടെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ കുടുംബം നൽകിയ പിന്തുണയാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും താരം വ്യക്തമാക്കി. മടങ്ങിവരവിൽ തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കണക്കിലെടുത്ത് ഭുവിക്ക് മറ്റ് ഫോർമാറ്റുകളിലും കൂടുതൽ അവസരങ്ങൾ നൽകണമെന്ന നിലപാടിലാണ് ഒരു വിഭാഗം താരങ്ങളും ആരാധകരും അഭിപ്രായപ്പെടുന്നത്. പഴയ താളവും വേഗവും വീണ്ടെടുക്കാനായാൽ ഇന്ത്യൻ പേസ് നിരയിൽ നിർണായക സാന്നിദ്ധ്യമാകാൻ ഭുവിക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
New Delhi: Bhuvneshwar Kumar's comeback to the Indian team after nearly four years was highly anticipated, seen as a first step towards considering him for other formats as well. He was picked for the T20 series against New Zealand after also featuring in the 5th T20 against West Indies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |