SignIn
Kerala Kaumudi Online
Thursday, 02 July 2026 4.09 PM IST

പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

indian-passport
ഇന്ത്യൻ പാസ്‌‌പോ‌ർട്ട്

അബുദാബി: യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതം അനിശ്ചിത്വത്തിലാക്കി നിയമതർക്കങ്ങൾ. ഇതുമൂലം യുഎഇയിലെ കോൺസുലാർ സേവനങ്ങളിൽ കാലതാമസം നേരിടുകയാണ്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലാർ സേവനങ്ങൾക്കുള്ള കരാർ നൽകാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രണ്ട് കരാറുകാർ ഉയർത്തിയ തർക്കം ഇന്ത്യൻ സുപ്രീം കോടതിയിലെത്തിയതാണ് കാലതാമസത്തിനുകാരണം.

ഇതോടെ ഇന്നുമുതൽ യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ താൽക്കാലികമായി ദുബായിലെ കോൺസുലേറ്റ് ജനറൽ (സിജിഐ), അബുദാബിയിലെ ഇന്ത്യൻ എംബസി എന്നിവ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ മുതലായിരുന്നു പുതിയ മാറ്റം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. എന്നാൽ ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് വ്യാഴാഴ്‌ചയിലേയ്ക്ക് മാറ്റുകയായിരുന്നു. ജുലായ് രണ്ടുമുതൽ കോൺസുലാർ സേവനങ്ങൾ പരിമിതമായി മാത്രമേ ലഭ്യമാകൂവെന്നാണ് ഇന്ത്യൻ എംബസി അറിയിക്കുന്നത്.

എല്ലാ ആവശ്യകതകളും നിറവേറ്റുന്ന പ്രൊപ്പോസൽ സമർപ്പിച്ചിട്ടും സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ തങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ടാണ് സർക്കാരിനെതിരെ കരാറുകാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി കേസ് ഉടൻ പരിഗണിക്കുമെന്നാണ് വിവരം.

കോടതി വിധിക്കനുസൃതമായി കോൺസുലാർ സേവനങ്ങൾ മുൻപത്തെപോലെ തുടരുകയോ കൂടുതൽ കാലതാമസം വരികയോ തിരിച്ചയക്കുകയോ ചെയ്യാം. നിലവിൽ യുഎഇയിൽ ജൂലായ് രണ്ടുമുതൽ വാക്ക്-ഇൻ കോൺസുലാർ സേവനങ്ങളാണ് നൽകപ്പെടുന്നത്.

രാവിലെ ഒൻപതിനും ഉച്ചയ്ക്ക് 12.30നുമിടയിൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകും. എന്നാൽ പാസ്‌പോർട്ട് പുതുക്കാനോ വിസയ്ക്ക് അപേക്ഷിക്കാനോ കുട്ടികളുടെ കോളേജ് പ്രവേശനത്തിനുള്ള സർട്ടിഫിക്കറ്റുകൾ നേടാനോ കാലതാമസം നേരിടുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN PASSPORT RENEWAL UAE, VISA SERVICES, PASSPORT RENEWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360