SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.03 PM IST

12 മിനിറ്റിൽ കവർന്നത് 5.5 കിലോ സ്വർണം; ഉദ്ഘാടനത്തിനൊരുങ്ങിയ ജുവലറിയിൽ 8.28 കോടിയുടെ തട്ടിപ്പ്

gold
പ്രതീകാത്മക ചിത്രം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ പുതിയ ജുവലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിച്ച 8.28 കോടി രൂപ വിലമതിക്കുന്ന 5.5 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ മിനിറ്റുകൾക്കകം അപ്രത്യക്ഷമായി. ഷോറൂമിന്റെ വാഷ്റൂമിൽ പോയി മടങ്ങിയെത്തിയപ്പോൾ രണ്ട് ബാഗ് നിറയെ ഉണ്ടായിരുന്ന സ്വർണം മോഷ്ടക്കാൾ കൊണ്ടുപോയതായിരുന്നു സെയിൽസ് മാനേജർ കണ്ടത് . വെറും 12 മിനിറ്റിനുള്ളിലാണ് വലിയ തുകയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്.

മുംബയ് സവേരി ബസാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'യുഗാൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്'എന്ന കമ്പനിയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. കമ്പനിയിലെ സെയിൽസ് മാനേജരായ ഹിമാൻഷു ജെയിനിന്റെ പരാതിയിൽ ബാപോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ വ്യാപാരിയെയും ആഭരണങ്ങൾ കടത്തിക്കൊണ്ടുപോയതായി സംശയിക്കുന്ന രണ്ട് അജ്ഞാതരെയും കണ്ടെത്താൻ പൊലീസ് നാല് അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.

ഗുജറാത്തിലുടനീളമുള്ള വ്യാപാരികൾക്ക് സ്വർണ്ണാഭരണങ്ങൾ വിതരണം ചെയ്യുന്നയാളാണ് ഹിമാൻഷു ജെയിൻ. 2017 മുതൽ ഡാക്കോറിൽ ജുവലറി നടത്തുന്ന ഭവിക്കുമാർ സോണിയുമായി ജെയിൻ ബിസിനസ് ബന്ധം പുലർത്തിയിരുന്നു. വഡോദരയിലെ സായ് ഗണേഷ് കോംപ്ലക്സിൽ 'ശ്രീ അംബിക ജ്വല്ലേഴ്സ്' എന്ന പേരിൽ പുതിയൊരു ഷോറൂം തുറക്കുന്നുണ്ടെന്നും ദസറയോടനുബന്ധിച്ചുള്ള ഉദ്ഘാടനത്തിനായി ആഭരണങ്ങൾ വേണമെന്നും സോണി ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് ഞായറാഴ്ചയാണ് 8.28 കോടി രൂപയുടെ 5.5 കിലോഗ്രാം സ്വർണവുമായി ജെയിൻ വഡോദരയിലെത്തിയത്. പുതിയ ഷോറൂമിൽ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. ഉച്ചഭക്ഷണത്തിനായി സോണിയും ജെയിനിന്റെ സഹോദരൻ നീലും പുറത്തേക്ക് പോയപ്പോൾ, സ്വർണ്ണം അടങ്ങിയ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് സോണി ഉറപ്പുനൽകിയിരുന്നു. കട പുറത്തുനിന്ന് പൂട്ടി അവർ പോയ സമയത്ത് ജെയിൻ വാഷ്റൂമിലേക്ക് കയറി. എന്നാൽ 12 മിനിറ്റിന് ശേഷം ടോയ്ലറ്റ് ബ്രേക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും കോടികൾ വിലമതിക്കുന്ന രണ്ട് ബാഗ് സ്വർണ്ണവും അപ്രത്യക്ഷമായിരുന്നു. സംഭവത്തിന് പിന്നിൽ കൃത്യമായ പ്ലാനിംഗ് നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

12 മിനിറ്റിനുള്ളിൽ മോഷണം

ഏകദേശം 12 മിനിറ്റിനുശേഷം ജെയിൻ തിരിച്ചെത്തിയപ്പോൾ കടയുടെ പൂട്ട് തുറന്നിരിക്കുന്നതായി കണ്ടെത്തി. അകത്ത് നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ രണ്ട് ബാഗുകളും അപ്രത്യക്ഷമായതായി കണ്ടെത്തി. എന്നാൽ മറ്റ് ആഭരണങ്ങൾ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നീല നിറത്തിലുള്ള ഇരുചക്രവാഹനത്തിൽ രണ്ട് അജ്ഞാതർ എത്തി ബാഗുകളുമായി പോകുന്നത് കാണാം. ഇവരെ തിരിച്ചറിയാനും അവർക്ക് എങ്ങനെ ഷോറൂമിലേക്ക് പ്രവേശനം ലഭിച്ചു എന്ന് കണ്ടെത്താനുമുള്ള അന്വേഷണം പൊലീസ് നടത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD THEFT, JEWELLERY SHOWROOM ROBBERY, JEWELLERY FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360