
മധുര: മധുരം കഴിക്കണമെന്ന് ആഗ്രഹം. ' നൻപർകളേ... ആരെങ്കിലും ഒരു ബോക്സ് സ്വീറ്റ്സ് ഓർഡർ ചെയ്ത് തരുമോ"- തമിഴ്നാട് മധുര സ്വദേശി വീരമണി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചു. അഡ്രസും ഫോൺനമ്പറുമടക്കം അറിയിക്കുകയും ചെയ്തു. ചിലർ മധുരം ഓർഡർ ചെയ്തുനൽകി. വീരമണി ഹാപ്പി. പക്ഷേ കാര്യങ്ങൾ കൈവിട്ടു. ചിലർ പൂവല്ല, ഒരു പൂക്കാലം തന്നെ കൊടുത്തു. ഓരോ ദിവസവും വീരമണിയെ തേടി പെട്ടികൾ വന്നുതുടങ്ങി. പാൽ, പച്ചക്കറി, തുണി, അലമാര, ടി.വി, റഫ്രിജിറേറ്റർ... പക്ഷേ ഫ്രീയല്ല. ക്യാഷ് ഓൺ ഡെലിവറി. ആദ്യമൊക്കെ വീരമണി പണമടച്ച് എല്ലാം വാങ്ങി. പണി പാലും വെള്ളത്തിലും കിട്ടിയെന്നറിഞ്ഞ വീരമണി, ഇനിയാരും ഓർഡർ ചെയ്യരുതെന്ന് അപേക്ഷിച്ച് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. എന്നിട്ടും ഫലമില്ല. വീരമണിയെ തേടി സാധനങ്ങൾ വന്നുകൊണ്ടേയിരുന്നു. ഇതിനിടെ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിലും വീരമണിക്ക് അക്കൗണ്ടുണ്ടാക്കി ചില വിരുതന്മാർ. കാര്യങ്ങൾ കൈവിട്ടുപോയ വീരമണി വീടുവിട്ടിറങ്ങി. ആരും ഒന്നും ഓർഡർ ചെയ്യരുതേയെന്ന് അഭ്യർത്ഥിച്ചു, ദേഷ്യപ്പെട്ടു. എന്തുഫലം. വീരമണിയെ തേടി വന്നുകൊണ്ടിരിക്കുകയാണ് 70 കോടി രൂപയുടെ ഒരു സൈനിക ടാങ്ക്. ഇൻസ്റ്രഗ്രാമിൽ രണ്ടുലക്ഷത്തോളം പേരാണ് വീരമണിയെ ഫോളോ ചെയ്യുന്നത്. ഓർഡറുകളെല്ലാം ക്യാൻസലാക്കുന്നതോടെ ഓൺലൈൻ ഡെലിവറി ഏജന്റുമാരും കടുത്ത അമർഷത്തിലാണ്. അത്ര തമാശയല്ലാത്ത രീതിയിലേക്കാണ് ഈ തമാശ പോകുന്നത്.
കേരളം യാത്രയിലൂടെ
തുടക്കം
കേരളത്തിലേക്കുള്ള യാത്ര സ്വപ്നമാണെന്നും സാമ്പത്തിക സഹായം വേണമെന്നും അഭ്യർത്ഥിച്ച് ഇതുപോലെ വീരമണി വീഡിയോ പങ്കുവച്ചിരുന്നു.
അന്ന് ഫോളോവേഴ്സ് 6000 രൂപ സമാഹരിച്ചു നൽകി. വീരമണി കേരളത്തിലെത്തി. മറ്റൊരിക്കലും ഇതുപോലെ സഹായം ലഭിച്ചു. എന്നാൽ മൂന്നാം തവണ ചീറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |