
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് 'ഇന്ത്യ" സഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൈയൂക്ക് കാട്ടിയെന്ന് ആരോപണം. ഗർഭിണിയായ മാദ്ധ്യമപ്രവർത്തകയെ വലിച്ച് തള്ളിയിട്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. സംഭവങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടു. ഓൺലൈൻ മാദ്ധ്യമമായ 'വൺ ഇന്ത്യ" യുടെ റിപ്പോർട്ടർ റിച്ചാ പരാശറാണ് രാഹുൽ കൈയിൽ പിടിച്ച് വലിച്ചെന്നും തള്ളിയിട്ടെന്നും ആരോപിച്ചത്. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും തള്ളിയിട്ടു. മൂന്നുമാസം ഗർഭിണിയായ താൻ വയറിടിച്ചുവീണു. കൈയ്ക്കും കാൽമുട്ടുകൾക്കും പരിക്കേറ്റു. ഇപ്പോൾ ചികിത്സയിലാണ്. മൊബൈൽ ഫോൺ തകർന്നെന്നും അവർ ആരോപിച്ചു.എന്നാൽ ബി.ജെ.പിയുമായി ചേർന്നുള്ള കെട്ടുകഥയാണിതെന്ന് കോൺഗ്രസ് നേതാവ് അൽക ലാംബ പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകയോട് മാറിനിൽക്കാൻ പറയുക മാത്രമാണ് രാഹുൽ ചെയ്തതെന്നും സംഭവത്തെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
മാർച്ചിനിടെ ശിവകുമാറിനോടും രാഹുൽ അപമര്യാദയായി പെരുമാറിയെന്ന് ബി.ജെ.പി ആരോപിച്ചു. ആൾക്കൂട്ടത്തിനിടെ രാഹുൽ മുന്നോട്ടുനീങ്ങുന്നതും ശിവകുമാറിന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് നീക്കുന്നതുമായുള്ള വീഡിയോയും പുറത്തുവിട്ടു.
കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഉൾപ്പെടെയുള്ളവർ വിമർശനവുമായെത്തി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |