SignIn
Kerala Kaumudi Online
Monday, 05 October 2026 1.49 PM IST

ബി ജെ പിയെ തകർത്തും, കോൺഗ്രസിനെ തരിപ്പണമാക്കിയും ഡൽഹി കോട്ട അരക്കിട്ട് ഉറപ്പിച്ച് ആം ആദ്മി, ഗുജറാത്തിലും ആപ് മാജിക് ഉണ്ടാകുമോയെന്ന് നാളെ അറിയാം  

arvind-kejriwal

ന്യൂഡൽഹി : ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാശിയും വീറുമെല്ലാം ഉണ്ടായിരുന്ന മുൻസിപ്പൽ കോർപ്പറേഷൻ ഒഫ് ഡൽഹി (എംസിഡി) തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ആം ആദ്മി സ്വന്തമാക്കി. ഇതോടെ ഡൽഹിയുടെ താഴേ തട്ടുമുതൽ ആപ് സ്വാധീനം അരക്കിട്ടുറപ്പിക്കുവാൻ കേജ്‌രിവാളിന്റെ പാർട്ടിക്കായി. കഴിഞ്ഞ പതിനഞ്ച് വർഷമായി ബി ജെ പി കുത്തകയാക്കി ഭരിച്ചിരുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ആം ആദ്മി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും പിടിച്ചെടുത്തത്. എന്നാൽ കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞ കാഴ്ചയാണ് ഇന്നുണ്ടായത്.


250 വാർഡുകളുള്ള മുൻസിപ്പൽ കോർപ്പറേഷൻ ഒഫ് ഡൽഹിയിൽ ആം ആദ്മി പാർട്ടി 133 സീറ്റുകളാണ് പിടിച്ചെടുത്തത്. ഭരണം നഷ്ടമായ ബി ജെ പി 105 വാർഡുകൾ സ്വന്തമാക്കി. എന്നാൽ രണ്ടക്കം പോലും തികയ്ക്കാനാവാത്ത കോൺഗ്രസ് എട്ട് സീറ്റുകളിൽ ഒതുങ്ങി. സ്വതന്ത്രരുൾപ്പടെ മറ്റുള്ളവർ നാല് സീറ്റിലും ജയിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ ഒഫ് ഡൽഹി (എംസിഡി) പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 181 വാർഡുകളിൽ വിജയിച്ചിരുന്നു. അന്ന് രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാർട്ടിക്ക് 48 വാർഡിലും കോൺഗ്രസിന് 27 വാർഡുകളിലുമാണ് ജയിക്കാനായത്. 48 സീറ്റിൽ നിന്നുമാണ് ഇക്കുറി ആം ആദ്മി മൂന്നക്കം കടന്ന് ജയിച്ചു കയറിയത്.


ആഘോഷത്തിമിർപ്പിൽ ആം ആദ്മി


ഫലം തങ്ങൾക്ക് അനുകൂലമെന്ന സൂചന വന്നതോടെ ആം ആദ്മിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും കേജ്രിവാളിന്റെ വസതിയിലേക്കെത്തി. എക്സിറ്റ് പോൾ ഫലങ്ങളിലും ആം ആദ്മി വിജയം പ്രവചിച്ചതിനാൽ തന്നെ പാർട്ടി പ്രവർത്തകരും അമിതമായ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ കുറച്ച് സമയത്തേക്ക് ബി ജെ പിക്കായിരുന്നു മുൻതൂക്കമുണ്ടായിരുന്നത്. എന്നാൽ പിന്നീട് ഫലം അനുകൂലമായതോടെ ദേശഭക്തി ഗാനങ്ങളും ബലൂണുകളും പൂക്കളുമായി ആം ആദ്മിക്കാർ പാർട്ടി ഓഫീസിന് മുന്നിൽ തടിച്ചു കൂടി.


ഉജ്വല ജയം സ്വന്തമാക്കിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളെ മുഖ്യമന്ത്രി കേജ്‌രിവാൾ അഭിനന്ദിച്ചു. രാജ്യത്തിന് ഡൽഹിയിലെ ജനങ്ങൾ നൽകിയ സന്ദേശമാണ് ഇതെന്നും, അധികാരത്തിൽ ഇരിക്കുന്നവർക്ക് അഹങ്കാരം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഗുജറാത്തിലും മിന്നുമോ ?

ഇന്ന് ഡൽഹിയിൽ സംഭവിച്ച ആം ആദ്മി മാജിക് നാളെ ഗുജറാത്തിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വോട്ടെടുപ്പിന്റെ ഫലം നാളെയാണ് പുറത്ത് വരുന്നത്. ഗുജറാത്തിൽ ബി ജെ പിക്ക് മുഖ്യ എതിരാളിയായി നിന്നത് ആം ആദ്മിയായിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് ബി ജെ പിയുടെ വൻ ജയമാണ്. എന്നിരുന്നാലും ആം ആദ്മി അദ്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AAP, DELHI ELECTION, ELECTION RESULT, RSULTS, AAP RESULTS, AAPA, KEJRIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360