
ഐസ പ്രസിഡന്റ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തു
പൊലീസ് ഏർപ്പാടാക്കിയ സ്വകാര്യ ബസിന്റെ ചില്ല് തകർത്തു
ന്യൂഡൽഹി: ഡൽഹിയിലെ സ്ഥിരം സമരവേദിയായ ജന്തർ മന്ദറിലേക്ക് ഇന്നലെയും പ്രവേശനം നിഷേധിച്ചു. പ്രതിഷേധക്കാർ പിന്തിരിഞ്ഞില്ല.
മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഐസ അടക്കം ഇടതുവിദ്യാർത്ഥി സംഘടനകളിലെ വിദ്യാർത്ഥികളും ആംആദ്മി പ്രവർത്തകരും ഇന്ത്യ ഗേറ്റിന് സമീപം മിന്നൽ സമരം നടത്തി. ആംആദ്മി നേതാവ് സൗരവ് ഭരദ്വാജും പ്രവർത്തകരും റോഡിൽ കൈ കോർത്തു കിടന്നു. പൊലീസ് ബസുകളുടെ മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് ഏറെ ബുദ്ധിമുട്ടേണ്ടിയാണ് ഇവരെ മേഖലയിൽ നിന്ന് നീക്കിയത്. ഇതിനിടെ ഒരുവിഭാഗം ജന്തർ മന്ദറിലേക്ക് പ്രകടനമായി നീങ്ങി. കിലോമീറ്ററുകൾക്ക് അകലെ അശോക റോഡിൽ പൊലീസ് തടഞ്ഞു. ഇടതുസംഘടനകളിലെ വിദ്യാർത്ഥികൾ ബാരിക്കേഡുകളിൽ കയറിനിന്നു. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഉൾപ്പെടെ ബലംപ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചു. പലരും തളർന്നുവീണു. ഇതിനിടെ യോഗേന്ദ്ര യാദവ് അടക്കം ആക്‌ടിവിസ്റ്റുകൾ മേഖലയിലെത്തി. പൊലീസ് ഏർപ്പാടാക്കിയ സ്വകാര്യ ബസിന്റെ ചില്ല് സമരക്കാർ തകർത്തു. വനിത കോൺസ്റ്റബിൾ പോലുമില്ലാതെ നേഹ ബോറയെ കസ്റ്രഡിയിലെടുത്തതായി ഐസ ആരോപിച്ചു. നരേല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ നേഹയെ പിന്നീട് വിട്ടയച്ചു. രാത്രി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ച് നൂറുക്കണക്കിന് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. സമരം നടക്കാൻ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ നെയിം പ്ലേറ്റ് ധരിക്കാതെയെത്തിയത് വിമർശനത്തിനിടയാക്കി. ഇവർ സമരക്കാരെ മർദ്ദിക്കാനെത്തിയവരാണെന്ന് ആരോപണമുയർന്നു. നാളെയാണ് 'ഇന്ത്യ" സഖ്യ എം.പിമാരുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർച്ച്. ഇന്ന് പ്രതിപക്ഷ പാർട്ടികൾ ജില്ലാ കളക്‌ടറേറ്റുകളിലേക്ക് പ്രകടനം നടത്തും.
ലൈംഗികാതിക്രമത്തിന്
ഇരയായെന്ന് മാദ്ധ്യമപ്രവർത്തകർ
ശനിയാഴ്ച ജന്തർ മന്ദറിന് സമീപം പൊലീസിന്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മൂന്ന് വനിതാ മാദ്ധ്യമപ്രവർത്തകർ പരാതിപ്പെട്ടു. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഒരു മാദ്ധ്യമപ്രവർത്തക എ.സി.പി വിവേക് ഭഗതിനെതിരെ എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കൊപ്പം സി.പി.എം നേതാവ് വൃന്ദ കാരാട്ട്,എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, സി.ജെ.പി വക്താവ് സൗരവ് ദാസ് തുടങ്ങിയവർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ ചർച്ച പരാജയപ്പെട്ടു. സംഭവത്തെ അപലപിച്ച പ്രസ് ക്ലബ് ഒഫ് ഇന്ത്യ,കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |