ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന ആഭ്യൂഹങ്ങളിൽ പ്രതികരണവുമായി തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ സൂര്യ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പറഞ്ഞു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചെന്നൈയിൽ നടന്ന ആരാധക കൂട്ടായ്മയായ അഖിലേന്ത്യാ സൂര്യ തലൈമൈ നർപണി ഇയക്കത്തിന്റെ യോഗത്തിനിടെ നടന്ന ചില പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലമാകുമ്പോൾ സൂര്യ നയിക്കു’മെന്നായിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹി പ്രസംഗത്തിനിടെ പറഞ്ഞത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്. ഇഷ്ട്താരത്തിന്റെ രാഷട്രീയ പ്രവേശനത്തെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ആരാധകരെ നിരാശരാക്കിക്കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയത്. ഇതാദ്യമായല്ല, കഴിഞ്ഞ വർഷം സൂര്യയുടെ 'അഗരം ഫൗണ്ടേഷൻ' സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷവും സമാനമായ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |