SignIn
Kerala Kaumudi Online
Saturday, 17 October 2026 1.47 PM IST

ചന്ദ്രയാൻ 3 പേടകത്തെ തിരിച്ചിറക്കുന്നു, ചരിത്രനേട്ടവുമായി ഇന്ത്യ

READ ENGLISH VERSION
moon

 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു

തിരുവനന്തപുരം: ലാൻഡറിനെ ചന്ദ്രനിലെത്തിച്ച ചന്ദ്രയാൻ 3 പേടകത്തെ തിരിച്ച് ഭൂമിക്ക് മുകളിൽ കൊണ്ടുവന്ന് ലോകത്തെ ഞെട്ടിച്ച് ഐ.എസ്.ആർ.ഒ. അടുത്തഘട്ടം ഭൂമിയിൽ ഇറക്കലാണ്. അതും വിജയിച്ചാൽ കേവലം ഒരു പേടകത്തിൽ ചന്ദ്രനിൽ മനുഷ്യരെ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന സ്വപ്നത്തിന് ചിറകുവയ്ക്കും. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നാണ് പേടകത്തിന്റെ (പ്രൊപ്പൽഷൻ മൊഡ്യൂൾ) മടക്കിക്കൊണ്ടു വരവ് സാദ്ധ്യമാക്കിയത്. ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്ന് എടുത്തുയർത്തി അൽപം ദൂരെമാറ്റി വീണ്ടും ഇറക്കിയ ഹോപ് പരീക്ഷണം നേരത്തേ വിജയിച്ചിരുന്നു. അതുപോലെ സങ്കീ‌ർണമായിരുന്നു ഇതും. നിലവിൽ 1.5 ലക്ഷം കിലോമീറ്റർ അകലെ ഭ്രമണപഥത്തിലാണ്.

സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് 2023 ജൂലായ് 14ന് എൽ.എം.വി.എം-4 റോക്കറ്റിൽ കുതിച്ചുയർന്ന ചന്ദ്രയാൻ 3 പേടകം ആഗസ്റ്റ് 17നാണ് ലാൻഡറിനെ ചന്ദ്രന്റെ മുകളിലെത്തിച്ചത്. ആഗസ്റ്റ് 23ന് ഇറങ്ങുകയും ചെയ്തു.

പിന്നീട് ഇതിലുണ്ടായിരുന്ന സ്‌പെക്ട്രോപൊളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ് ) എന്ന നിരീക്ഷണ ഉപകരണം പ്രവർത്തിപ്പിച്ച് ലാൻഡറിൽ നിന്നുള്ള വിനിമയങ്ങൾക്ക് സഹായം നൽകി. ഇതിന് ശേഷവും പേടകത്തിൽ 100 കിലോ ഇന്ധനം ബാക്കിയുണ്ടായിരുന്നു. ഈ ഇന്ധനം ഭാവി ദൗത്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ഇസ്രോ തീരുമാനിക്കുകയായിരുന്നു. ഷേപ്പ് ഉപകരണത്തിന്റെ തുടർന്നുള്ള പ്രവർത്തനം ഭൂമിയെ ചുറ്റുന്ന ഭ്രമണ പഥത്തിലാക്കാനും തീരുമാനിച്ചു.

തിരികെ യാത്ര

 ഒക്ടോബർ 9: പ്രൊപൽഷൻ മോഡ്യുളിന്റെ ഭ്രമണപഥം ചന്ദ്രന് മുകളിൽ 150 കിലോമീറ്ററിൽ നിന്ന് 5112 കിമീ ഉയരത്തിലെത്തിച്ചു. ഇതോടെ ഭ്രമണ സമയം 2.1ൽ നിന്ന് 7.2 മണിക്കൂറായി

 ഒക്ടോബർ13: ട്രാൻസ്എർത്ത് ഇഞ്ചക്ഷൻ നടത്തി ഭൂമിക്ക് 1.8ലക്ഷം കിലോമീറ്റർ അടുത്തും 3.8 ലക്ഷം കിലോമീറ്റർ അകലെയും വരുന്ന ഭ്രമണപഥത്തിലേക്ക് മാറ്റി

നവംബർ 22: 1.5 ലക്ഷം കിലോമീറ്ററിലേക്ക് അടുപ്പിച്ചു. നിലവിൽ അവിടെ കറങ്ങികൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അടുത്തെത്തുമ്പോൾ ഷേപ്പ് പ്രവർത്തിപ്പിച്ച് ഭൗമനിരീക്ഷണം നടത്തുന്നു

നേട്ടങ്ങൾ

1. ബഹിരകാശപേടകം തിരിച്ചെത്തിക്കാനുള്ള നിയന്ത്രണ സോഫ്റ്റ് വെയർ വികസിപ്പിച്ചു

2. ഗുരുത്വാകർഷണത്തെ അടിസ്ഥാനമാക്കി ഗ്രഹാന്തരയാത്രയ്ക്ക് ചെലവുകുറഞ്ഞ രീതി വിജയം

3. തിരിച്ചുള്ള പാതയിൽ ബഹിരാകാശ പേടകങ്ങളുമായി കൂട്ടിയിടികൾ ഒഴിവാക്കാനായി

സ്പേസ് ക്രാഫ്റ്റും

ഇന്ത്യൻ പേടകവും

 1969 ജൂലായിൽ അമേരിക്ക മനുഷ്യനെ ചന്ദ്രനിലിറക്കിയതും തിരിച്ചെത്തിച്ചതും അപ്പോളോ-11 സ്പേസ് ക്രാഫ്റ്റിൽ

 കേവലം 8 ദിവസം കൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ചെലവ് 49,​196 കോടിരൂപ

 ചന്ദ്രയാൻ 3 പേടകം ചന്ദ്രനിൽപോയി തിരിച്ച് ഭൂമിയുടെ ഭ്രമണപഥത്തിലെത്താൻ മൂന്ന് മാസമെടുത്തു. ചെലവ് 615 കോടി

 അപ്പോളോയുടെ യാത്ര വിമാന മാതൃകയിൽ ഇന്ധനമുപയോഗിച്ച് നേർരേഖയിൽ

 ഇന്ത്യൻ പേടകത്തിന്റെ യാത്ര ഗ്രഹങ്ങളുടെ ഗുരുത്വാകാർഷണത്തെ ഉപയോഗിച്ച് ഭ്രമണം ചെയ്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CHANDRAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360