
ന്യൂഡൽഹി: അഴിമതിക്കേസിന്റെ അന്വേഷണം സ്വാധീനിക്കാൻ ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ഓഫീസർ അറസ്റ്രിൽ. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് കുമാർ തൻവാറിനെയാണ് സി.ബി.ഐ പിടികൂടിയത്. ഇടനിലക്കാരായ ഡൽഹിയിലെ അഭിഭാഷകൻ ഭരത് ശർമ്മ, ബന്ധു ആര്യൻ ശർമ്മ എന്നിവരും പിടിയിലായി. യൂണിയൻ ബാങ്കാണ് പരാതിക്കാർ.
ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മുൻ പ്രമോട്ടർമാരായ കപിൽ വാദ്ധ്വാൻ, ധീരജ് വാദ്ധ്വാൻ എന്നിവർ 17 ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 34,615 കോടി രൂപ തട്ടിയെടുത്തെന്ന കേസ് അന്വേഷിക്കുന്നത് ഹരീഷ് കുമാറാണ്.
ഹരീഷിനായി ഭരത് ശർമ്മയും ആര്യനുമാണ് പരാതിക്കാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടത്. 20 ലക്ഷം കൈപ്പറ്റി. തുടർന്ന് പരാതി ലഭിച്ചതോടെയാണ് സി.ബി.ഐ പിടികൂടിയത്. മൂന്നുപേരുടെയും വസതിയിൽ നടത്തിയ റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |