ഡൽഹി മെട്രോ
ന്യൂഡൽഹി: ഡൽഹിയിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ ഇടംതേടിയ ബ്രിട്ടീഷ് യുവതിയെ അമ്പരപ്പിച്ച് മെട്രോ സ്റ്റേഷനുള്ളിലെ ഹോസ്റ്റൽ. 400 രൂപ ചെലവിൽ ഒരു രാത്രിയിലേക്ക് താമസസൗകര്യം ലഭിച്ചതിന്റെ അനുഭവമാണ് മിയ നിക്കോൾ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സുഹൃത്തിനൊപ്പമാണ് മിയ ഹോസ്റ്റലിൽ ചെക്ക് ഇൻ ചെയ്തത്. പുറത്തുനിന്നുള്ള കാഴ്ച അത്ര ആകർഷകമായി തോന്നിയില്ലെങ്കിലും അകത്ത് പ്രവേശിച്ചതോടെ അഭിപ്രായം മാറിയെന്ന് യുവതി പറയുന്നു. കിടക്കയ്ക്ക് താൻെ വലിയ ലോക്കറും സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കീപാഡ് ലോക്കും ഹോസ്റ്റലിലുണ്ടായിരുന്നു. മെട്രോ സ്റ്റേഷനുള്ളിൽ താമസിക്കുന്നത് അല്പം വിചിത്രമായി തോന്നിയെങ്കിലും മുറിയിലെ സൗകര്യങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നെന്ന് മിയ വ്യക്തമാക്കി.
ഒരു രാത്രിയുടെ താമസത്തിനായി വെറും 400 രൂപ മാത്രമാണ് ചെലവായതെന്നും യുവതി പറഞ്ഞു. 'ഡൽഹിയിലെ ഒരു പുതിയ ഹോസ്റ്റലിൽ ചെക്ക് ഇൻ ചെയ്തപ്പോൾ ഞങ്ങൾ എത്തിയത് മെട്രോ സ്റ്റേഷനുള്ളിലാണ്. ഇത് അല്പം വിചിത്രമാണ്. പഴയൊരു മെട്രോ സ്റ്റേഷൻ പോലെയുണ്ട്. പുറത്ത് അത്ര ഭംഗിയുള്ളതായി തോന്നുന്നില്ലെങ്കിൽ അകത്ത് അങ്ങനെയല്ല. കിടക്കയ്ക്ക് താഴെ വലിയൊരു ലോക്കറുണ്ട്. സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള കീപാഡ് ലോക്കറാണത്'- യുവതി പറയുന്നു.
നിരവധിപേരാണ് മിയയുടെ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായെത്തിയത്. കുറഞ്ഞ ചെലവിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത്തരം താമസസൗകര്യങ്ങൾ ഏറെ പ്രയോജനകരമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'നല്ലൊരു ബജറ്റിൽ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ മികച്ചതാണ്. ബ്രിട്ടനിലെ ട്രെയിനുകളിൽ പോലും സ്ലീപ്പർ കോച്ചുകൾ ഇല്ല, അപ്പോഴാണ് നാല് പൗണ്ടിന് താമസസൗകര്യം ലഭിക്കുന്നത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അതേസമയം, ഡൽഹിയിൽ സുരക്ഷിതയായി കഴിയണമെന്ന് മിയയ്ക്ക് പലരും മുന്നറിയിപ്പ് നൽകി. അപരിചിതരോടൊപ്പം മുറി പങ്കിടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന മറ്റ് താമസസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയവരും അക്കൂട്ടത്തിലുണ്ട്. 'മെട്രോ സ്റ്റേ' എന്നാണ് യുവതി താമസിച്ച ഹോസ്റ്റലിന്റെ പേര്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് തൊട്ടുമുന്നിലുള്ള മെട്രോ കെട്ടിടത്തിനുള്ളിലാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. മെട്രോ സ്റ്റേഷന് സമീപം കുറഞ്ഞ ചെലവിൽ താമസിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇവിടം ഏറ്റവും മികച്ചൊരു തിരഞ്ഞെടുപ്പാകുമെന്നാണ് വിലയിരുത്തൽ.
A British traveller is amazed by a budget hostel inside Delhi’s metro station, offering stays for less than Rs 400 per night. Her experience has gone viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |