SignIn
Kerala Kaumudi Online
Monday, 05 October 2026 6.54 AM IST

സൈബർ തട്ടിപ്പിൽ കുടുങ്ങി കവി: 5 മണിക്കൂർ കവിത ചൊല്ലൽ

poet

ലക്നൗ: ഉത്തർപ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്‌സേനയ്ക്ക് നേരിടേണ്ടി വന്നത് വേറിട്ട സൈബർ തട്ടിപ്പ്. നരേഷിനെ കൊണ്ട് ഒന്നും രണ്ടും അല്ല,​ അഞ്ച് മണിക്കൂർ കവിത ചൊല്ലിച്ചു. തട്ടിപ്പാണെന്ന് മനസിലായി കുടുംബാംഗങ്ങൾ ഇടപെട്ടതോടെ ഒടുവിൽ രക്ഷ. പിന്നീട് പൊലീസിൽ പരാതി നൽകി. ലക്നൗവിൽ നിന്നുള്ള സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിച്ചിപ്പായിരുന്നു തട്ടിപ്പ്. കള്ളപ്പണ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി. തുടർന്ന് മണിക്കൂറുകളോളം സംസാരിച്ചു. സ്വന്തം കവിതകൾക്ക് പുറമെ മറ്റ് കവിതകളും ചൊല്ലിച്ചു. മണിക്കൂറുകളോളം വാതിലടച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒടുവിൽ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ചു. അതുകൊണ്ട് തന്നെ പണമൊന്നും നഷ്ടമാവാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്കായിരുന്നു സംഭവം. വീഡിയോ കാൾ വന്നു. നരേഷിന്റെ

ആധാർ കാർഡ് ഉപയോഗിച്ച് ആരോ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതിലൂടെ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്ന് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം സി.ബി.ഐയിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി. അറസ്റ്റ് വാറണ്ട് ഉണ്ടെന്നും താങ്കൾ നിരപരാധിയാണെന്ന് മനസിലായതിനാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. രേഖകളെക്കുറിച്ച് ചോദിച്ചു. ബാങ്ക് അക്കൗണ്ടുകളും അതിലുള്ള പണവും ഇൻകം ടാക്സ് റിട്ടേണുകളെക്കുറിച്ചും അന്വേഷിച്ചു. പണം നിക്ഷേപം തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പൊലീസ് യൂണിഫോമിലായിരുന്നതിനാൽ സംശയം തോന്നിയില്ലെന്ന് സക്‌സേന പറഞ്ഞു. മുറിയിൽ പുസ്തകങ്ങൾ കണ്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് കവിത ചൊല്ലാൻ പറഞ്ഞുകവിതകൾ ഇഷ്ടമായെന്ന് പറഞ്ഞ് അഭിനന്ദിക്കാനും മറന്നില്ല.

തുടർന്ന് മുംബൈ സിബിഐയുടെ തലവൻ എന്ന് പരിചയപ്പെടുത്തി മറ്റൊരാളെത്തി. അയാൾക്കും കവിത കേൾക്കണമെന്ന് പറഞ്ഞു. കേസ് 24 മണിക്കൂറിനകം തീർപ്പാക്കാമെന്നും നിലവിൽ വീട്ടു തടങ്കലിൽ വെയ്ക്കുകയാണെന്നും ആയിരുന്നു അയാളുടെ വാക്കുകൾ. മുറിയുടെ വാതിൽ അടയ്ക്കാനും വീട്ടിൽ ആരോടും പറയരുതെന്നും നിർദേശിച്ചു. വീഡിയോ കോളിൽ തന്നെ കാണമെന്ന നിർദേശവും നൽകി. എന്നാൽ ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോൾ വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. മരുമകൾ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് ഫോണിൽ വീഡിയോ കോൾ കണ്ടത്. ഉടൻ തന്നെ കോൾ കട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360