
വലിയ നഷ്ടം:നന്ദമൂരി ബാലകൃഷ്ണ
സിംഗീതം ശ്രീനിവാസ റാവുവിന്റെ മരണം വ്യക്തിപരമായ വലിയ നഷ്ടവും ഇന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നഷ്ടവുമാണ്. അദ്ദേഹം ഒരു ദാർശനികനായ ചലച്ചിത്രകാരൻ മാത്രമല്ല, ഞങ്ങളുടെ കുടുംബവുമായി വളരെ സവിശേഷവും ദൃഢവുമായ ബന്ധം പുലർത്തിയിരുന്ന ഒരാളുകൂടിയാണ്. ആദിത്യ 369, ഭൈരവദ്വീപം, ശ്രീ കൃഷ്ണാർജുന വിജയം എന്നീ മൂന്ന് ശ്രദ്ധേയമായ ചിത്രങ്ങളിൽ സിംഗീതം ഗാരുവിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരോ വിധത്തിലും വേറിട്ട സിനിമാനുഭവങ്ങളും ചരിത്രസൃഷ്ടികളുമായിരുന്നു. ആദിത്യ 369 തെലുങ്ക് സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലും പുതിയ വഴികൾ വെട്ടിത്തുറന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ ആദ്യകാല ഉപയോഗത്തിലൂടെ ഭൈരവദ്വീപം ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയും നടോടിക്കഥാ വിഭാഗത്തിലെ എക്കാലത്തെയും മികച്ച നാഴികക്കല്ലായി നിലകൊള്ളുകയും ചെയ്യുന്നു. പുരാണ സിനിമകളുടെ ഗാംഭീര്യവും സമൃദ്ധിയും അടുത്തറിയാൻ ശ്രീ കൃഷ്ണാർജുന വിജയം ഞങ്ങൾക്ക് അവസരം നൽകി.
ഈ മൂന്ന് ചിത്രങ്ങളിലൂടെ, സാമൂഹികം, ചരിത്രപരം, നടോടിക്കഥ, പുരാണം എന്നീ നാല് പ്രധാന വിഭാഗങ്ങളിലെ കഥാപാത്രങ്ങളെ ഒരേ ദർശനമുള്ള ചലച്ചിത്രകാരന്റെ സംവിധാനത്തിൽ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ സിനിമകളുടെ ഓർമകളും ഞങ്ങൾ പങ്കിട്ട സർഗാത്മക യാത്രയും എന്നും എന്റെ ഹൃദയത്തിൽ പച്ചപിടിച്ചു നിൽക്കും. ഞങ്ങളുടെ കുടുംബവുമായുള്ള സിംഗീതം ഗാരുവിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എക്കാലത്തെയും ക്ലാസിക്കായ മായബസാർ എന്ന ചിത്രത്തിൽ, എന്റെ പിതാവ് നന്ദമൂരി താരക രാമറാവുവാണ് നായകനായത്. ആ ചിത്രമൊരുക്കിയ കെ.വി. റെഡ്ഡിയുടെ സഹായിയായിട്ടാണ് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചത്.
സിംഗീതം മാതൃക:
കമലഹാസൻ
94-ാം വയസിലും സിംഗീതം ശ്രീനിവാസറാവു യുവാവിനെ പോലെ ജീവിച്ചു.
ചിന്തകളിലും സിനിമകളും യുവത്വം സൂക്ഷിച്ചു. യൗവനമെന്ന അദ്ദേഹത്തിന്റെ ആ ഗുണം മറ്റുള്ളവരിലേക്കും പടരണമെന്ന ആഗ്രഹത്തോടെ, അദ്ദേഹം കൈപിടിച്ചു നടന്ന സുഹൃത്തുക്കളിൽ, ശിഷ്യന്മാരിൽ ഒരാളാണ് ഞാൻ. യൗവനത്തിൽ മരിക്കുന്നത് ഒരു ദുരന്തമാകണമെന്നില്ല. അതൊരു മഹത്തായ കാര്യമാകാം. സിംഗീതം ശ്രീനിവാസ റാവു അതിനൊരു വലിയ ഉദാഹരണമാണ്. എനിക്ക് അദ്ദേഹത്തെ അറിയുന്ന കാലം മുതൽ ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തെപ്പോലെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
മനസുകൊണ്ട് ചെറുപ്പക്കാരൻ:
ചിരഞ്ജീവി
യഥാർഥ ദർശനം ഉള്ള സിംഗീതം ശ്രീനിവാസ റാവു തന്റെ ഭാവനയിലൂടെയും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ധൈര്യത്തിലൂടെയും ഇന്ത്യൻ സിനിമയ്ക്ക് എക്കാലത്തെയും മികച്ച ചില ചിത്രങ്ങൾ സമ്മാനിച്ചു. സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ ബഹുമാനത്തോടും സ്‌നേഹത്തോടും കൂടി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സിംഗ് ഗീതം' കഥപറച്ചിലിലുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ മനോഹരമായ തെളിവായിരുന്നു. മനസ്സുകൊണ്ട് അദ്ദേഹം എന്നേക്കും ചെറുപ്പക്കാരനും ജിജ്ഞാസയുള്ളവനും സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവനുമായി തുടർന്നു. സിംഗീതം ഗാരു, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും. നിങ്ങളുടെ സിനിമകൾ തലമുറകളിലൂടെ സംസാരിച്ചുകെണ്ടേയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |