SignIn
Kerala Kaumudi Online
Saturday, 30 May 2026 3.55 PM IST

വിജയ് സിനിമകളെപ്പോലെ വമ്പൻ സസ്പെൻസുമായി തമിഴ്‌നാട്, സർക്കാർ രൂപീകരിക്കാൻ ടി വി കെയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ

vijay2

ചെന്നൈ: വിജയ് സിനിമയെപ്പോലെ മുഴുവൻ സസ്പെൻസുമായി തമിഴ്നാട്ടിലെ മന്ത്രിസഭാ രൂപീകരണം. വിജയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ലെന്നാണ് തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ പറയുന്നത്. ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്നലെ വിജയ് ഗവർണറെ സന്ദർശിച്ച് മന്ത്രിസഭ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ചിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് അറിയിച്ചത്. എന്നാൽ ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നായിരുന്നു ഗവർണറുടെ നിലപാട്.

ഇന്ന് രാവിലെ ഗവർണർ നേരിട്ട് വിജയ്‌യെ ലോക്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. അരമണിക്കൂറിലധികം ഇരുവരും തമ്മിൽ ചർച്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിൽ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ വിജയ്‌ക്ക് അനുമതി നൽകി എന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അല്പംമുമ്പാണ് ലോക്ഭവൻ ഒറ്റവരി വാർത്താക്കുറിപ്പ് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം വിജയ്‌യുടെ പാർട്ടിക്ക് ഇല്ലെന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗവർണറുടെ മറുപടി വന്നതിനുപിന്നാലെ സി പി എം, സി പി ഐ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ ടി വി കെ ശ്രമം തുടങ്ങിയിട്ടുണ്ട്. ടി വി കെ നേതാവ് നിർമൽ കുമാർ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി പിന്തുണ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ പിന്തുണ ആവശ്യപ്പെട്ട് രണ്ടുപാർട്ടികൾക്കും കത്ത് നൽകിയിരുന്നു. സർക്കാർ ഉണ്ടാകാൻ സഹായിക്കാമെങ്കിൽ മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നാളെ യോഗം ചേർന്നശേഷം തീരുമാനം പറയാമെന്ന് സി പി എമ്മും സി പി ഐയും ടി വി കെയെ അറിയിച്ചിട്ടുണ്ട്.

112 സീറ്റുകളാണ് ടി വി കെയ്ക്കുള്ളത്. അഞ്ച് സീറ്റുള്ള കോൺഗ്രസും, രണ്ട് സീറ്റുകളുള്ള വി സി കെ വിജയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ കേവല ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്. പിന്തുണ ആവശ്യപ്പെട്ട് എൻ ഡി എയ്ക്ക് ഒപ്പമുള്ള കക്ഷികളെ സമീപിക്കേണ്ട എന്നാണ് ടി വി കെയുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, THAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360