SignIn
Kerala Kaumudi Online
Saturday, 30 May 2026 11.48 AM IST

ഒടുവിൽ വഴങ്ങി ഗുസ്തി ഫെഡറേഷൻ; വിനേഷ് ഫോഗാട്ടിന് 53 കിലോഗ്രാം  വിഭാഗത്തിൽ  മത്സരിക്കാം

vinesh-phogat

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഗുസ്‌തി താരം വിനേഷ് ഫോഗാട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി നൽകി ഗുസ്തി ഫെഡറേഷൻ. 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ വിനേഷ് പങ്കെടുക്കാവൂവെന്നായിരുന്നു ആദ്യം ഫെഡറേഷൻ അറിയിച്ചത്. ഇന്ന് രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെയാണ് ഫെഡറേഷൻ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

പാരീസ് ഒളിമ്പിക്സ് ഉൾപ്പടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂവെന്ന് അധികൃതർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിനേഷ് ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വേദിയിൽ വച്ച് താരവും അധികൃതരും തമ്മിൽ വാഗ്വാദം ഉണ്ടായി. പിന്നാലെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് ഇടപെട്ട് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു.

ഇന്നും നാളെയുമായി ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേ‌‌ഡിയത്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഗുസ്‌തി താരം വിനേഷ് ഫോഗാട്ടിന് പങ്കെടുക്കാൻ സുപ്രീംകോടതിയും ഇന്നലെ അനുമതി നൽകിരുന്നു. ഡൽഹി ഹൈക്കോടതി വിനേഷിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഇതിനെതിരെ റസ്‌ലിംഗ് ഫെഡറേഷൻ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഇടപെട്ടില്ല. വിനേഷ് ട്രയൽസിൽ പങ്കെടുക്കട്ടെ. ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി. വിനേഷിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

അതേസമയം, വിനേഷ് ഉത്തേജക മരുന്ന് പരിശോധന അവഗണിച്ചതിൽ കോടതി ചോദ്യമുന്നയിച്ചു. 2025 ജൂലായിൽ മാതാവായി. 2026 ജനുവരി 1 മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഇന്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസി താരത്തിന് കത്തു നൽകിയിരുന്നു. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് തയ്യാറായിരുന്നില്ല. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നായിരുന്നു വിശദീകരണം. ഏജൻസിക്കത് തൃപ്‌തികരമായി തോന്നിയില്ല. രാജ്യാന്തര മത്സരങ്ങളിൽ അയോഗ്യതയുണ്ടായാൽ അത് രാജ്യത്തെ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിനേഷ് മികച്ച ഗുസ്‌തി താരമാണ്. എന്നാൽ രാജ്യത്തിനാണ് പ്രഥമ പരിഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VINESH PHOGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360