SignIn
Kerala Kaumudi Online
Saturday, 23 May 2026 7.15 PM IST

കടലിനടിയിൽ ചരിത്രം രചിച്ച് സ്കൂബ ഡൈവർമാർ: മിക്ക ആളുകളും ഇതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല

andaman-nicobar-island

പോർട്ട് ബ്ലെയർ: ആഗോള സ്‌കൂബ ഡൈവിംഗ് രംഗത്തെ കരുത്തരായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. സമുദ്രത്തിനടിയിൽ വച്ച് നടത്തിയ പ്രകടനങ്ങളിലൂടെ രണ്ട് ഗിന്നസ് വേൾഡ് റെക്കാഡുകളാണ് ആൻഡമാൻ സ്വന്തമാക്കിയത്. ടൂറിസം മേഖലയ്ക്കും ഡൈവിംഗ് കമ്മ്യൂണിറ്റിക്കും പുത്തൻ ഉണർവ് നൽകുന്നതായിരുന്നു നേട്ടം. സ്വരാജ് ദ്വീപിന് (ഹാവ്‌ലോക്ക് ഐലൻഡ്) സമീപം ഞായറാഴ്ചയായിരുന്നു പ്രകടനം. ലഫ്‌റ്റനന്റ് ഗവർണർ ഡി.കെ. ജോഷി അടക്കമുള്ള 14 വിദഗ്ധ ഡൈവർമാരാണ് കടലിന്റെ ആഴങ്ങളിൽ മനുഷ്യശൃംഖല തീർത്തത്.

22.3 മീറ്റർ നീളമുള്ള ഈ മനുഷ്യഗോപുരം മൂന്ന് മിനിട്ടോളം വെള്ളത്തിനടിയിൽ ഒരേ നിലയിൽ നിലനിർത്താൻ സംഘത്തിന് സാധിച്ചു. ഗിന്നസ് അധികൃതർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു നേട്ടം. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലായിരുന്നു ഡൈവർമാർ പ്രകടനം പൂർത്തിയാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ മനുഷ്യശൃഖല തീർത്ത റെക്കാഡിന് കൃത്യം 24 മണിക്കൂർ മുൻപ് ശനിയാഴ്ചയാണ് ആദ്യ റെക്കാഡ് പിറന്നത്. സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ഡൈവർമാരുടെ സംഘം റെക്കാഡിന് തുടക്കമിട്ടത്. ശനിയാഴ്ച നടന്ന ചടങ്ങിൽ ഏകദേശം 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ്ണ പതാക ഡൈവർമാർ കടലിനടിയിൽ വിജയകരമായി വിടർത്തി. ആഗോളതലത്തിൽ തന്നെ സമുദ്രത്തിനടിയിൽ പ്രദർശിപ്പിക്കപ്പെട്ട ഏറ്റവും വലിയ ദേശീയ പതാകയാണിത്. ലഫ്റ്റനന്റ് ഗവർണർ ഈ ചരിത്ര നിമിഷത്തിലും നേരിട്ട് പങ്കാളിയായി.


ആൻഡമാനെ ലോകോത്തര ഡൈവിംഗ് കേന്ദ്രമായി ഉയർത്താനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമാണ് ഈ നേട്ടങ്ങളെന്ന് അധികൃതർ അറിയിച്ചു. വെറുമൊരു റെക്കാഡ് എന്നതിനപ്പുറം, ദ്വീപിലെ സമുദ്ര ആവാസവ്യവസ്ഥകളെ ലോകത്തിന് പരിചയപ്പെടുത്താനാണ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും നാളുകളിൽ കൂടുതൽ വിദേശ വിനോദസഞ്ചാരികളെയും ഡൈവിംഗ് പ്രേമികളെയും ഈ നേട്ടം ആൻഡമാനിലേക്ക് കൂടുതൽ ആകർഷിക്കുമെന്നും മറൈൻ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONALNEWS, GUINESS, WORLD RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360