
കവർച്ചയ്ക്കിടെ കുത്തിയത് 27 തവണ
ഹൈദരാബാദ്: ആഡംബരജീവിതത്തിന് പണം കണ്ടെത്താനായി രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിലെ പ്രിൻസിപ്പലിനെ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് സംഭവം. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്‌കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലുരൂപ റെഡ്ഡിയാണ് (48) കൊല്ലപ്പെട്ടത്. രണ്ടു വിദ്യാർത്ഥികളേയും അറസ്റ്ര് ചെയ്തു. കഴിഞ്ഞ 12നാണ് കല്ലുരൂപയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രൂപ ഫോൺ എടുക്കാതിരുന്നതിനാൽ ഭർത്താവ് അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. 2.50 ലക്ഷം രൂപയും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു.
അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് വിദ്യാർത്ഥികൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളോളം പ്രിൻസിപ്പലിന്റെ വീട് നിരീക്ഷിച്ചു. കത്തിയും ഗ്ലൗസുകളും വാങ്ങി. മുഖം മറയ്ക്കുന്ന തൊപ്പിയും കൈയുറകളും ധരിച്ച് വിദ്യാർത്ഥികളിൽ ഒരാൾ വീട്ടിൽ പ്രവേശിച്ചു. കിടപ്പുമുറിയിലുണ്ടായിരുന്ന 2.50 ലക്ഷം രൂപയെടുത്തു. പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ രൂപ കണ്ടു. തൊപ്പി താഴെ വീണതോടെ വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞു. ഇതോടെ 27 തവണ കുത്തിവീഴ്ത്തി പ്രതി ഓടിരക്ഷപ്പെട്ടു. രക്തം പുരണ്ട വസ്ത്രങ്ങളും തൊപ്പിയും കുഴിച്ചിട്ടു.
തുമ്പായി 'ബാബു"
അന്വേഷണത്തിൽ പ്രധാനതുമ്പായത് സംഭവത്തിന് തൊട്ടുമുമ്പ് രൂപ, ഭർതൃമാതാവിനെ ഫോൺ ചെയ്തപ്പോൾ 'ബാബു" എന്ന് പറഞ്ഞതാണ്. ഇക്കാര്യം ഭർതൃമാതാവ് പൊലീസിനോട് പറഞ്ഞു.
ആരാണ് ബാബു എന്ന അന്വേഷണം സ്‌കൂളിലേക്കും നീണ്ടു. സംഭവദിവസം സ്‌കൂളിലെത്താത്ത അഞ്ച് വിദ്യാർത്ഥികളിൽ രണ്ടുപേർ കുറച്ച് ദിവസങ്ങളായി ധാരാളം പണം ചെലവഴിക്കുന്നതായി കണ്ടെത്തി. ഇരുവരെയും ബുധനാഴ്ച രാവിലെ ചോദ്യം ചെയ്തതോടെ കുറ്രം സമ്മതിച്ചു. ഹോസ്റ്റലിൽ മോഷ്ടിച്ചതിന് ഇവരെ പ്രിൻസിപ്പൽ ശകാരിച്ചിരുന്നു. ഇതിന്റെ ദേഷ്യവും ഇവർക്കുണ്ടായിരുന്നു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും മോഷണമായിരുന്നു ലക്ഷ്യമെന്നുമാണ് വിദ്യാർത്ഥികളുടെ മൊഴി. ഗോവയിലെത്തി ഐഫോൺ വാങ്ങിയ, ഇവരിൽ നിന്ന് 1.54 ലക്ഷം രൂപയും കണ്ടെത്തി. സമ്പാദിക്കാനുള്ള വഴികൾക്കായി ഇവർ ഇന്റർനെറ്റിൽ വീഡിയോകൾ കണ്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ഫോൺകോളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 80ലധികം പേരെ ചോദ്യം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |