
ന്യൂഡൽഹി: ജാർഖണ്ഡിലെ പി.എസ്.സിയുടെയും എസ്.എസ്.സിയുടെയും പരീക്ഷകൾ റദ്ദാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 11, 13-ാം ജെ.പി.എസ്.സി സിവിൽ സർവീസ് പരീക്ഷകളും ഇതുവഴി നടത്തിയ നിയമനങ്ങളും റദ്ദാക്കിയ ഉത്തരവിനാണ് ഹൈക്കോടതി ഇടക്കാല തടയിട്ടത്. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി.
നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദീപക് റോഷൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സർക്കാർ വിശദീകരണം നൽകാനും കോടതി നിർദ്ദേശിച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും.
അനധികൃത ഇടപെടലുകളും ക്രമക്കേടുകളും നടന്നെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ 22 റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കിയത്. ജെ.പി.എസ്.സി, ജെ.എസ്.എസ്.സി എന്നിവ നടത്തിയ പരീക്ഷകൾക്ക് പുറമെ 2014 മുതൽ ടി.ഡി.പി.എൽ എന്ന സ്വകാര്യ ഏജൻസി നടത്തിയ ചില പരീക്ഷകളും ഇതിൽ ഉൾപ്പെടും. 23 പരീക്ഷകളിൽ അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു.
വ്യാപക ക്രമക്കേടുകൾ നടന്നെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് റാഞ്ചിയിൽ 26 ദിവസം വിദ്യാർത്ഥികൾ നടത്തിയ സമരത്തിനു പിന്നാലെയാണ് സർക്കാർ കൂട്ടപ്പരീക്ഷ റദ്ദാക്കലിന് ഉത്തരവിട്ടത്. പിന്നാലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ പരീക്ഷകൾ ജയിച്ച് നിയമനം നേടിയ ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നതോടെ പുതിയ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസം അവർ സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏകദേശം 3,000 പേരെ സർക്കാർ തീരുമാനം ബാധിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
ഹൈക്കോടതി ഇടപെടലോടെ പരീക്ഷകൾ റദ്ദാക്കിയ സർക്കാർ തീരുമാനത്തിന്റെ നിയമസാധുതയും നിയമനം നേടിയ ഉദ്യോഗാർഥികളുടെ അവകാശങ്ങളും ഇനി കോടതിയുടെ പരിഗണനയിലാകും.
ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ഐ.ഡി അന്വേഷണം, ഫാസ്റ്റ് ട്രാക്ക് കോടതി, ജെ.പി.എസ്.സിയിലും ജെ.എസ്.എസ്.സിയിലും ആഭ്യന്തര വിജിലൻസ് സംവിധാനം എന്നിവ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിരുന്നു.
പരീക്ഷാ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |