SignIn
Kerala Kaumudi Online
Saturday, 22 August 2026 9.58 PM IST

എംഎൽഎയുടെ അമ്മയുടെ പിറന്നാൾ ആഘോഷം നടന്നത് സർക്കാർ ആശുപത്രിയിൽ,​ റീലും ചിത്രീകരിച്ചു

drama-artist
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്യുന്ന കലാകാരി.

മൈസൂരു: എം.എൽ.എയുടെ അമ്മയുടെ പിറന്നാൾ ആഘോഷങ്ങൾക്ക് സർക്കാർ പ്രസവ ആശുപത്രി ദുരുപയോഗം ചെയ്‌തുവെന്ന് ആരോപണം. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നാടകം അവതരിപ്പിക്കാനെത്തിയ കലാകാരന്മാർ ആശുപത്രി വളപ്പിൽ താമസിക്കുകയും പരിപാടിക്ക് മുന്നോടിയായി അവിടെവച്ച് വസ്ത്രം മാറുകയും മേക്കപ്പ് ചെയ്യുകയും ചെയ്‌തെന്നാണ് നാട്ടുകാരുടെ ആരോപണം.

കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീരംഗപട്ടണയിലെ അരകെരെ ഗ്രാമത്തിലുള്ള സർക്കാർ ആശുപത്രിയാണ് സംഭവം. എംഎൽഎ രമേഷ് ബന്ദിസിദ്ധഗൗഡയുടെ അമ്മയുടെ ജന്മദിനാഘോഷ പരിപാടിക്കാണ് സർക്കാർ ആശുപത്രി സ്വകാര്യ ആവശ്യത്തിന് ദുരുപയോഗം ചെയ്‌തെന്ന പരാതി ഉയർന്നത്.

ആശുപത്രിക്കുള്ളിൽ നിന്ന് ഒരു വനിതാ കലാകാരി റീൽ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവതോടെയായിരുന്നു സംഭവം വിവാദമായത്. വീഡിയോ വൈറലായതോടെ സർക്കാർ ആശുപത്രി സ്വകാര്യ ആഘോഷത്തിനായി ഉപയോഗിച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. കലാകാരന്മാർക്ക് ആശുപത്രിയിൽ താമസിക്കാൻ അനുമതി നൽകിയത് ആരാണെന്നും ഇതിനായി ഔദ്യോഗിക അനുമതി ലഭിച്ചിരുന്നോയെന്നും നാട്ടുകാർ ചോദിച്ചു. ആശുപത്രിയിലെ രോഗികളുടെയും ചികിത്സാ സേവനങ്ങളുടെയും പ്രവർത്തനത്തെ ഇത് ബാധിച്ചോയെന്നും അധികൃതർ വ്യക്തമാക്കണമെന്നാണ് ആവശ്യം.

സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ അറിയിച്ചു. ആശുപത്രിക്കുള്ളിൽ റീൽ ചിത്രീകരിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രമേഷ് ബന്ദിസിദ്ദെഗൗഡയും കുടുംബവും മണ്ഡലത്തിൽ ഏഴുതവണ വിജയിച്ചവരാണെന്നും ഗ്രാമത്തിലെ മികച്ച കുടുംബങ്ങളിലൊന്നാണെന്നും ഖാദർ പറഞ്ഞു. ആരോഗ്യരംഗത്ത് ഉൾപ്പെടെ കുടുംബം നിരവധി പേർക്ക് സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എയുടെ മാതാപിതാക്കളുടെ പിറന്നാൾ ആഘോഷത്തിനായി ആശുപത്രിയിലെ ഒരു മുറി ഉപയോഗിച്ചിരുന്നുവെന്നും റീലിന്റെ പേരിൽ മാത്രം വിഷയം വലുതാക്കരുതെന്നും മന്ത്രി പ്രതികരിച്ചു.

English Summary

A government maternity hospital in Arekere village, Srirangapatna, Karnataka, has come under scrutiny after artists reportedly used the premises to stay, dress and apply makeup for a birthday celebration of MLA Ramesh Bandisiddegowda’s mother.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA, LATESTNEWS, EVENT AT GOVERNMENT HOSPITAL, BIRTHDAY PARTY, KARNATAKA MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360