
ന്യൂഡൽഹി: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം. സംയുക്ത പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും. എഐസിസി സമ്മേളനത്തിൽ പ്രമേയം പാസാക്കാനും ആലോചനയുണ്ട്. പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് പിന്നാലെ വിലകൂട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
14.2 കിലോ സിലിണ്ടറിന്റെ വില ഇന്നു മുതൽ 50 രൂപ വർദ്ധിക്കുമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കയത്. ജനറൽ വിഭാഗത്തിലെ സിലിണ്ടറിന്റെ വില 853 രൂപയായും സബ്സിഡിയുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ സിലിണ്ടർ വില 553 രൂപയായുമാണ് വർദ്ധിക്കുന്നത്.
കഴിഞ്ഞയാഴ്ച വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില പൊതുമേഖല എണ്ണക്കമ്പനികൾ കുറച്ചിരുന്നു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വില 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1790 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിൽ പാചക വാതക വിലയിൽ മാറ്റം വരുത്തുന്നത്.
മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ആറുരൂപ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും ഗാർഹിക ഉപഭോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെത്തുടർന്ന് ഇന്ധനവില പത്തുരൂപയോളം കുറയ്ക്കാൻ സാഹചര്യം ഒരുങ്ങിയപ്പോൾ, എക്സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം അതിന് തടയിട്ടിരിക്കുകയാണ്. ഡീസലിനുള്ള തീരുവ ലിറ്ററിന് എട്ടു രൂപയിൽ നിന്ന് പത്താക്കിയപ്പോൾ, പെട്രോളിന് പതിനൊന്നിൽ നിന്ന് പതിമൂന്നാക്കി. സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനുമാണ് തീരുവ കൂട്ടിയത്. തീരുവ വർദ്ധനയുടെ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികൾ ഏറ്റെടുക്കുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില കൂടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |