SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.37 AM IST

തൃണമൂൽ 'മഹാരാഷ്ട്ര മോഡൽ' പിളർപ്പിലേക്ക്, മമതയെ വെല്ലുവിളിച്ച് 50 എം.എൽ.എമാർ, പ്രതിപക്ഷ നേതാവിലും പോര്

r

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധി ആളിക്കത്തുന്നു. 80 തൃണമൂൽ എം.എൽ.എമാരിൽ 50 പേരും മമതാ ബാനർജിക്കെതിരെ തിരിഞ്ഞു. വിമത എം.എൽ.എമാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചു. ശോഭൻദേവ് ചതോപാദ്ധ്യായയെയാണ് മമതാ ബാനർജി പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ വിമത പക്ഷം റിതബ്രത ബാനർജിയെ പിന്തുണയ്ക്കുന്നു. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡൽ പിളർപ്പാണ് ബംഗാളിൽ നടക്കാൻ പോകുന്നതെന്ന് സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് റിജു ദത്തയും പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് റിതബ്രതയെയും മറ്റൊരു എം.എൽ.എ സന്ദീപൻ സാഹയെയും തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ തൃണമൂലെന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്ന് റിജു ദത്ത പറഞ്ഞു. 80 എം.എൽ.എമാരിൽ മൂന്നിൽ രണ്ടു പേരുടെയും പിന്തുണയുണ്ടെന്നും അവർ അവകാശപ്പെടുന്നു. ഇത് മഹാരാഷ്ട്രയിലെ ശിവസേന തർക്കം പോലെയാകുമെന്നാണ് വിലയിരുത്തൽ. 

എന്നാൽ നേതാക്കളുടെ ദേഷ്യം മമതയ്ക്ക് എതിരെയല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയുമാണെന്നും റിപ്പോർട്ടുണ്ട്. ഞായറാഴ്ച മമതയുടെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ തൃണണൂലിന്റെ 60 എം.എൽ.എമാരും പങ്കെടുത്തിരുന്നില്ല. അസംതൃപ്തരായ നേതാക്കളെ ഒപ്പം നിറുത്താനും പാർട്ടി പിളർപ്പ് ഒഴിവാക്കാനുമുള്ള ശ്രമത്തിലാണ് മമത.

പോരാട്ടം അല്ലെങ്കിൽ

മരണം: മമത

കൊൽക്കത്തയിൽ ബംഗാളിലെ ബി.ജെ.പി സർക്കാരിനെതിരെ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം നടത്തി. റാണി റാഷ്മണി അവന്യൂവിൽ തൃണമൂൽ പ്രവർത്തകർ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടന്ന ആക്രമണങ്ങളും ഒഴിപ്പിക്കൽ നടപടികളും വിവാദമായിരിക്കെയാണിത്. ബി.ജെ.പിയെ ഭയന്ന് തൃണമൂൽ പിന്മാറില്ലെന്ന് പറഞ്ഞ മമത,​പോരാട്ടം അല്ലെങ്കിൽ മരണമെന്ന് ആഹ്വാനം ചെയ്തു. 'ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ബി.ജെ.പിയുടേത് ദുർഭരണമാണ്. തൃണമൂൽ എം.എൽ.എമാരെയും കൗൺസിലർമാരെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. തൃണമൂലിനെ തകർക്കാൻ ശ്രമിക്കുകയാണ്'- മമത കുറ്റപ്പെടുത്തി.

വ്യാജ ഒപ്പിലൂടെ പുറത്തായ ആഭ്യന്തര പ്രശ്നം
ശോഭൻദേബ് ചതോപാദ്ധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്ത് സ്പീക്കർക്ക് അയച്ച കത്തിൽ ചില തൃണമൂൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. റിതബ്രത ബാനർജിയുടെയും സന്ദീപൻ സാഹയുടെയും പേരുകൾ എടുത്തു.

തങ്ങളുടെ വ്യാജ ഒപ്പിട്ടതായി ഇരുവർക്കും പരാതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിന്നാലെ രണ്ട് എം.എൽ.എമാരെയും തൃണമൂൽ പുറത്താക്കി. അഭിഷേക് ബാനർജിയാണ് വ്യാജ ഒപ്പിന് പിന്നിലെന്ന് സന്ദീപൻ സാഹ കുറ്റപ്പെടുത്തി. ബംഗാൾ സി.ഐ.ഡിഈ കേസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360