SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.30 PM IST

'കുറ്റകൃത്യം തടയാന്‍ പ്രതികളുടെ കൈകാലുകള്‍ വെട്ടിമാറ്റണം'; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍

karnataka-high-court

ബംഗളൂരു: ബലാത്സംഗക്കേസില്‍ കുറ്റകൃത്യം തടയാന്‍ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണമെന്ന ക‌ർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിൽ വിവാദം. ഇന്ത്യയില്‍ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേതുപോലെ കുറ്റവാളികളുടെ കൈകാലുകള്‍ വെട്ടിമാറ്റുന്നതാണെന്ന ജസ്‌റ്റിസ് ആര്‍ നടരാജിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.

ബലാത്സംഗക്കേസില്‍ പ്രതിയായ 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് സംസാരിക്കവെയായിരുന്നു ജഡ്ജിയുടെ ഈ പരാമര്‍ശം. 2023 സെപ്റ്റംബറില്‍ മുന്‍ സഹപാഠിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയക്കുകയും കേസ് അടുത്ത വാദത്തിനായി ജൂണ്‍ എട്ടിലേയ്ക്ക് മാറ്റുകയും ചെയ്തു.

'കുറ്റവാളികളെ നമ്മള്‍ കര്‍ശനമായി കൈകാര്യം ചെയ്യാത്തതിനാൽ നിയമത്തിന്റെ പല്ലുകള്‍ കൊഴിഞ്ഞുപോയിരിക്കുകയാണ്. ഒരു കാലോ കയ്യോ വെട്ടിമാറ്റിയാല്‍ നിയമം അനുസരിക്കാന്‍ ആളുകള്‍ ഒരുപക്ഷേ തയാറായേക്കും. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും അത് ചൂഷണം ചെയ്യുകയാണ്.' - ജസ്റ്റിസ് നടരാജ് പറഞ്ഞു.

കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കാത്തതിനാൽ കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ശിക്ഷാ രീതികളുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു. താന്‍ ചെയ്യാത്ത കുറ്റത്തിന് വിദ്യാര്‍ത്ഥി ഇതിനകം രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ആരോപിക്കപ്പെടുന്ന സംഭവത്തിന് ഏതാണ്ട് മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. പ്രതി അഞ്ചാറ് ദിവസം കൂടി ജയിലില്‍ കിടക്കട്ടെയെന്നും ജയില്‍ ജീവിതവുമായി പൊരുത്തപ്പെടട്ടെയെന്നും ‌ജ‌ഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഈ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, KARNATAKA HIGH COURT, SEXUAL ASSAULT CASE, RAPE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360