SignIn
Kerala Kaumudi Online
Monday, 27 July 2026 7.23 PM IST

വാറന്റി തീർന്നവർക്ക് വിലയില്ല; മോദി 3.0 വികസന ഗ്യാരന്റി

READ ENGLISH VERSION
modi

ന്യൂഡൽഹി: വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന് രാജ്യസഭയിലും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അതിനെ 'മോദി 3.0" എന്ന് വിശേഷിപ്പിക്കുന്നു. മോദി 3.0 എല്ലാ ശക്തിയും വികസിതഭാരതം സൃഷ്ടിക്കാൻ ഉപയോഗിക്കും. വാറന്റി അവസാനിച്ചവരെ രാജ്യം ശ്രദ്ധിക്കില്ല. ഗ്യാരന്റി നൽകി വിജയിച്ചവരെ വിശ്വസിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയുടെ മറുപടിയിൽ രാജ്യം നേടാൻ പോകുന്ന വികസനങ്ങളും മോദി വിവരിച്ചു.

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ വലിയ വിനോദസഞ്ചാര കേന്ദ്രമാകും. ടൂറിസം മേഖലയിൽ പരമാവധി തൊഴിൽ നൽകും. ഇന്ത്യ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ലോകത്ത് നിർണായക സ്ഥാനത്തെത്തും. നമ്മുടെ ബഹിരാകാശ ശാസ്‌ത്രജ്ഞർ ലോകത്തെ അദ്ഭുതപ്പെടുത്തും. കായികലോകം ഇന്ത്യൻ യുവാക്കളുടെ കരുത്ത് തിരിച്ചറിയും. രാജ്യം ബുള്ളറ്റ് ട്രെയിനുകൾ കാണും. ഇന്ത്യൻ സെമികണ്ടക്‌ടറുകൾ കരുത്താവും. ഇലക്ട്രോണിക് രംഗത്ത് നേതാവാകും. ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന മില്ലറ്റ് ലോക വിപണിയിൽ ലഭ്യമാകും. കർഷകർക്ക് ഡ്രോണുകൾ ശക്തിയാകും. മൃഗസംരക്ഷണവും മത്സ്യകൃഷിയും വർദ്ധിക്കും. ഞങ്ങൾ റെക്കാഡുകൾ സൃഷ്ടിക്കും.

കോൺഗ്രസ് ഭീകരത പ്രോത്സാഹിപ്പിച്ചു

രാജ്യ സുരക്ഷയെക്കുറിച്ച് പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും അവർ സ്വന്തം ലാഭത്തിനു വേണ്ടി ഭീകരതയും വിഘടനവാദവും പ്രോത്‌സാഹിപ്പിച്ചെന്നുമുള്ള ഗുരുതരമായ ആരോപണവും മോദി ഉന്നയിച്ചു. കോൺഗ്രസിനെയും നേതാക്കളെയും നിശിതമായി ആക്രമിച്ചു.

മഹത്തായ പാർട്ടി 'യുവരാജാവിന്" വേണ്ടി ഒരു 'സ്റ്റാർട്ട്-അപ്പ്" ഉണ്ടാക്കിയെങ്കിലും അദ്ദേഹം 'സ്റ്റാർട്ട്" ആയില്ലെന്നും ഉയരാൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി പറഞ്ഞു.

കോൺഗ്രസ് 40 സീറ്റിൽ കൂടുതൽ നേടില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാക്കുകളും മോദി ആയുധമാക്കി. 40 എങ്കിലും നേടാൻ താൻ പ്രാർത്ഥിക്കുകയാണ്. ജനങ്ങളോട് ചെയ്‌ത പ്രവൃത്തിയുടെ ഫലമായാണ് കോൺഗ്രസിന് പുറത്തിരിക്കേണ്ടി വന്നത്. അവർ ഡൽഹിയിൽ ഒരു രൂപ പ്രഖ്യാപിച്ചാൽ 12 പൈസയാണ് ജനങ്ങളിലെത്തിയത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയില്ല. നയങ്ങളിൽ മരവിപ്പുണ്ടായി.

കൊളോണിയൽ അടിമത്ത മനോഭാവം രാജ്യത്തെ പിന്നോട്ടടിച്ചു. ബ്രിട്ടീഷ് പാർലമെന്റ് ചേരുന്ന വൈകിട്ട് 5മണിക്ക് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് വർഷങ്ങളോളം തുടർന്നു. ഒ.ബി.സി സംവരണം സർക്കാർ ജോലിയുടെ നിലവാരം തകർക്കുമെന്ന് ജവഹർലാൽ നെഹ്‌റു വിശ്വസിച്ചെന്നും ആരോപിച്ചു. കോൺഗ്രസ് കാലത്താണ് ബി.എസ്.എൻ.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നശിപ്പിച്ചത്.

തന്റെ ശബ്‌‌ദം അടിച്ചമർത്താനാവില്ലെന്നും ജനങ്ങൾ ശക്തിപ്പെടുത്തിയ ശബ‌്‌ദമാണ് തന്റേതെന്നും ബഹളമുണ്ടാക്കിയ കോൺഗ്രസ് അംഗങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു.

സുരേഷിന്റെ ദക്ഷിണേന്ത്യൻ പരാമർശം

കേന്ദ്ര അവഗണന തുടർന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേക രാജ്യമാകേണ്ടിവരുമെന്ന കർണാടക എം.പി ഡി.കെ.സുരേഷിന്റെ പ്രസ്‌താവന നിർഭാഗ്യകരമെന്ന് മോദി. ഒരവയവം പ്രവർത്തിച്ചില്ലെങ്കിൽ, ശരീരം മുഴുവൻ വൈകല്യമാകും. ദേശീയ പാർട്ടിയിൽ നിന്ന് ഇത്തരം ചിന്താഗതി നിർഭാഗ്യകരമാണ്.

മത്സരാധിഷ്ഠിതമായ സഹകരണ ഫെഡറലിസം വേണം. സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം വേണം. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാഷ്ട്രത്തെ വികസിപ്പിക്കാനാകൂ.-പ്രധാനമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360