SignIn
Kerala Kaumudi Online
Saturday, 01 August 2026 3.41 AM IST

രാജ്യസഭ നോട്ടമിട്ട് കമൽനാഥ്: ബി.ജെ.പിയും വിളിക്കുന്നു

s

ന്യൂഡൽഹി : ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ശക്തം.

രാജ്യസഭാ സീറ്റ് ഉന്നമിട്ട് വെള്ളിയാഴ്ച്ച കമൽനാഥ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദർശിച്ചിരുന്നു. രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. 27നാണ് തിരഞ്ഞെടുപ്പ്. എന്നാൽ, ഹൈക്കമാൻഡിൽ നിന്ന് കമൽനാഥിന് അനുകൂലമായ നിലപാടുണ്ടായിട്ടില്ല.

സംസ്ഥാനത്ത് അഞ്ച് രാജ്യസഭാ സീറ്റാണ് ഒഴിയുന്നത്. 66 എം. എൽ.എ മാരുള്ള കോൺഗ്രസിന് ഒരു സീറ്റിൽ ജയിക്കാം. അതാണ് കമൽ നാഥ് ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി കമൽനാഥുമായി സംസാരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ്, കമൽനാഥിനെയും മകൻ നകുൽ നാഥിനെയും രാജ്യസഭാംഗം വിവേക് തൻഖയെയും അടക്കം ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന അഭ്യൂഹം ശക്തമായത്. നകുൽ നാഥ് സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗമാണ്. ചിന്ത്‌വാര സീറ്റിൽ ജയിച്ച അദ്ദേഹം ഇത്തവണയും അവിടെ മത്സരിക്കുമെന്ന് സ്വന്തം നിലയിൽ പ്രഖ്യാപിച്ചിരിക്കയാണ്. ഇത് ഹൈക്കമാൻഡിന് രസിച്ചിട്ടില്ല.

വിവേക് തൻഖ കമൽനാഥിന്റെ ഉറ്റ അനുയായി ആണ്. കമൽനാഥിന്റെ ശക്തി ദുർഗ്ഗമായ മാഹാകോഷാൽ മേഖലയിലെ ഏതാനും കോൺഗ്രസ് നേതാക്കൾ ഈയിടെ ബി. ജെപിയിൽ ചേർന്നിരുന്നു. ഇവരിൽ പ്രമുഖനായ ജബൽപൂർ മേയർ ജഗത് ബഹദൂ‌ർ സിംഗ് അന്നു,​ വിവേക് തൻഖയുടെ അടുപ്പക്കാരനാണ്.

കമൽനാഥിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിനോട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ തുടങ്ങിയ ബി.ജെ.പിയിലെ പ്രമുഖർ അനുകൂലമാണ്. മോഹൻ യാദവ് അടുത്തിടെ ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തെന്നാണ് സൂചന.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുൻപാണ് കമൽനാഥ് പി.സി.സി അദ്ധ്യക്ഷനാകുന്നത്. 2023ൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനത്തു നിന്ന് നീക്കി.

 എം.എൽ.എമാർക്ക് അത്താഴത്തിന് ക്ഷണം

അഭ്യൂഹങ്ങൾക്കിടെ, കോൺഗ്രസ് എം.എൽ.എമാരെ നാളെ അത്താഴവിരുന്നിന് ക്ഷണിച്ചിരിക്കുകയാണ് കമൽനാഥ്. 66 എം.എൽ.എമാരിൽ നല്ലൊരു വിഭാഗം ഇപ്പോഴും കമൽ നാഥിനൊപ്പമുണ്ട്. അത്താഴവിരുന്ന് ഹൈക്കമാൻഡുമായി

വിലപേശാനും, ബി. ജെ. പിക്ക് പ്രതീക്ഷ നൽകാനുമുള്ള ശക്തിപ്രകടനമാക്കുകയാണ് കമൽനാഥിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KAMALNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360