SignIn
Kerala Kaumudi Online
Saturday, 01 August 2026 3.02 AM IST

ഗായിക ജമുന റാണിക്ക് വിട

r

ബംഗളൂരു: ആറായിരം പാട്ടുകളിലൂടെ,​ ദക്ഷിണേന്ത്യൻ ആസ്വാദകരുടെ മനസ് കീഴടക്കിയ പിന്നണി ഗായിക ജമുന റാണിക്ക് (88) വിട. ഇന്നലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടന്നു. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനിടയിൽ തമിഴ്, തെലുങ്ക്, മലയാളം, സിംഹള ഭാഷകളിലായാണ് ആറായിരത്തിലധികം പാട്ടുകൾ പാടിയത്.

പാസമലർ എന്ന സിനിമയിലെ 'പാട്ടൊന്റു കേട്ടേൻ' , ഹാസ്യനടനായ ഗായകൻ ജെ.പി.ചന്ദ്രബാബുവിനൊപ്പം പാടിയ 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' എന്ന ഗാനം, മണിരത്നം സിനിമ 'നായകനി'ലെ 'ഞാൻ സിരിച്ചാൽ ദീപാവലി' ഉൾപ്പെടെയുള്ള ഗാനങ്ങൾ കാലത്തെ അതിജീവിക്കുന്നവയാണ്. 1938 മേയ് 17ന് ആന്ധ്രാപ്രദേശിൽ കെ.വരദരാജുലുവിന്റെയും വയലിനിസ്റ്റ് കെ.ദ്രൗപദിയുടെയും മകളായി ജനിച്ച ജമുന അമ്മയുടെ ശിക്ഷണത്തിലാണ് സംഗീതപഠനം ആരംഭിച്ചത്. 1946ൽ ഏഴാം വയസിൽ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനായി ആദ്യഗാനം പാടി. ശബ്ദത്തിലെ ഊർജ്ജസ്വലതയും നാടോടിത്തനിമയും അവരെ വേറിട്ടുനിറുത്തി. 1952ൽ വളയപതി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ടി.എം.സൗന്ദർരാജനൊപ്പം പാടി പേരെടുത്തു. കല്യാണി എന്ന ചിത്രത്തിലെ 'സക്സസ് സക്സസ് ' എന്ന ഗാനവും 1953ൽ ദേവദാസ് എന്ന ചിത്രത്തിൽ ബാലതാരത്തിനായി പാടിയ 'ഓ ദേവദാസ്' എന്ന ഗാനവും നാഴികക്കല്ലായി. അതേവർഷം സുജാത എന്ന സിനിമയിലൂടെ ആദ്യമായി ശ്രീലങ്കൻ സിനിമയിൽ പാടി. പിന്നീട് സിംഹള ഭാഷയിലും ഹിറ്റുകൾ പിറന്നു.

1950 - 60കളിൽ ജിക്കി, പി.സുശീല, പി.ലീല, എം.എൽ.വസന്തകുമാരി തുടങ്ങി ഗായികമാർ നിറഞ്ഞുനിൽക്കുന്ന കാലത്ത് ജനങ്ങളുടെ മനസിൽ ഇടം നേടാനായി. ജി.രാമനാഥൻ, വിശ്വനാഥൻ രാമമൂർത്തി, വി.കുമാർ തുടങ്ങി പ്രഗത്ഭ സംഗീതസംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചു. 'തിരുവിതാംകൂർ സഹോദരിമാർ'ക്കായി (ലളിത, പത്മിനി) നിരവധി ഗാനങ്ങൾ ആലപിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടി.

 മലയാളത്തിൽ പത്ത് ഗാനങ്ങൾ

ജനോവ എന്ന സിനിമയിലെ 'ഇടിയപ്പം' എന്ന ഗാനത്തോടെ ആരംഭിച്ച മലയാള സംഗീതാലാപനം പത്തോളം ഗാനങ്ങളിൽ ഒതുങ്ങി. ആന വളർത്തിയ വാനമ്പാടി, ഭാഗ്യ ജാതകം, പുതിയ ആകാശം, പുതിയ ഭൂമി, സ്‌നേഹഗീതം തുടങ്ങിയ സിനിമകളിൽ സംഗീത സംവിധായകരായ എം.എസ്.വിശ്വനാഥ്, ബ്രദർ ലക്ഷ്മൺ, എം.ബി.ശ്രീനിവാസ്, എം.എസ്.ബാബുരാജ് തുടങ്ങിയവർക്കായി പാടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DZFDG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360