
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്ദർമന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധം സമാധാനപരം. ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജിവച്ചില്ലെങ്കിൽ അടുത്ത ശനിയാഴ്‌ച വീണ്ടും വരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ മുന്നറിയിപ്പ് നൽകി.
ജന്ദർമന്ദറിൽ അനുവദിച്ച നൂറു മീറ്റർ സ്ഥലത്ത് ദേശീയ പതാകയും അംബേദ്‌കറിന്റെ ആത്മകഥയുമായി ആയിരത്തോളം പേർ ഒത്തുകൂടി. എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ബാപ്‌സ തുടങ്ങി വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തകരും രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളുമാണ് പങ്കെടുത്തത്. ചിലർ പാറ്റയുടെ ചിത്രമുള്ള ടീ ഷർട്ടും പാറ്റ മാസ്‌കും ധരിച്ചിരുന്നു.
രാവിലെ 10 മുതൽ വൈകിട്ട് 5വരെ സമയം അനുവദിച്ചെങ്കിലും മൂന്നരയോടെ പ്രവർത്തകർ പിരിഞ്ഞു.
രാവിലെ 8ന് യു.എസിൽ നിന്നെത്തിയ അഭിജിത്തുമായി ഡൽഹി പൊലീസ് വിമാനത്താവളത്തിൽ ഒരുമണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് സമരത്തിന് അനുമതി നൽകിയത്. അഭിജിത് 11ന് എത്തുമ്പോൾ ജന്ദർമന്ദറിൽ സമരം തുടങ്ങിയിരുന്നു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, സി.പി.എം എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടചാര്യ, സി.പി.ഐ ദേശീയ സെക്രട്ടറി ആനി രാജ ഉൾപ്പെടെയുള്ളവർ പിന്തുണയുമായെത്തി.
സമരക്കാർക്കിടയിലേക്ക കീടനാശിനിയായ 'ഹിറ്റു'മായി എത്തിയവരെയും ബംജ‌്‌റംഗ്‌ദൾ പ്രവർത്തകരെയും പൊലീസ് മാറ്റി. ഇവരിൽ ചിലർ ആനിരാജയെ തള്ളിയിട്ടു. ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ 1,000 പൊലീസുകാരെ വിന്ന്യസിച്ചിരുന്നു.
'സർക്കാരിന് ഞങ്ങൾ വെറും പ്രാണികളായിരിക്കാം. പക്ഷേ അവകാശങ്ങൾക്കായി പോരാടാൻ പ്രാപ്തരാണ്. ഓൺലൈൻ പോസ്റ്റുകൾ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും. ഞങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല'- അഭിജിത് ദീപ്‌കെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |