
ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ കോക്രോച്ച് ജനത പാർട്ടി(സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിൽ. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരെ പൊലീസ് ലാത്തി വീശി ഓടിക്കുന്നതിനിടെ ബാരിക്കേഡിൽ തലയിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ പിന്നീട് സി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില വഷളായതോടെയാണ് ഇന്നലെ പുലർച്ചെയോടെ വെന്റിലേറ്ററിലാക്കിയത്. വിവരം അറിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ എന്നിവർ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ചികിത്സാസൗകര്യങ്ങളും നിലവിലെ സാഹചര്യവും വിലയിരുത്തി. പൊലീസ് നടപടിയിൽ പരിക്കേറ്റ 90-ലേറെ സി.ജെ.പി പ്രവർത്തകർ ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ദീപ്‌കെ പിന്നീട് പറഞ്ഞു. പൊലീസ് നടപടിയിൽ സി.ജെ.പി പ്രവർത്തകർക്കും അനുയായികൾക്കും ഗുരുതരമായി പരിക്കേൽക്കാൻ ഇടയായതിൽ മാപ്പ് ചോദിക്കുന്നുവെന്നും ദീപ്‌കെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |