
ബംഗളൂരു: കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡും തുടർച്ചയായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് രാമലിംഗ രാജി പിൻവലിച്ചത്. രാജിവച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ പാർട്ടിയുടെ സ്വത്ത് ആണെന്നും കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.
ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാമലിംഗ മന്ത്രിസ്ഥാനം രാജിവച്ചത്. വാട്ട്‌സ്ആപ്പ് വഴി രാജി അയച്ചത് സർക്കാരിനും പാർട്ടിക്കും നാണക്കേടാകുകയും ചെയ്‌തു. വെള്ളിയാഴ്ച ബംഗളൂരുവിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി ഡി.കെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുലിന്റെ നിർദ്ദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തി രാജി പിൻവലിച്ചത്.
ആഗ്രഹിച്ച ബംഗളൂരു വികസന വകുപ്പിന് പകരം ജലസേചന വകുപ്പാണ് രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത്. ഇതിലെ നിരാശയാണ് രാജിയിലൂടെ പ്രകടമാക്കിയത്. ബംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അഞ്ച് റൗണ്ട് ചർച്ച
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ വെള്ളിയാഴ്ച രാത്രി വൈകിയും ചർച്ച നടത്തി. തുടർന്ന് ഇന്നലെ രാവിലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയുമായി ചർച്ച. ഇതിനിടെ ഡി.കെയും സുർജേവാലയും തമ്മിലും സംസാരിച്ചു. ഉച്ചയോടെ കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് നിയമസഭാംഗ മന്ദിരത്തിൽ രാമലിംഗയെ നേരിൽ കണ്ട് രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വകുപ്പ് വിഭജനം എ.ഐ.സി.സി നേതൃത്വം അംഗീകരിച്ചതിനാൽ പെട്ടെന്ന് മാറ്റം വരുത്താൻ ബുദ്ധിമുട്ടാണെന്നും നേതാക്കൾ റെഡ്ഡിയെ ധരിപ്പിച്ചു. ശേഷം സുർജേവാലയുമായി നടത്തിയ രണ്ടാം റൗണ്ട് ചർച്ചകൾക്കൊടുവിൽ രാമലിംഗ രാജി പിൻവലിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |