
ന്യൂഡൽഹി: മാളവ്യനഗറിൽ 21 പേർ മരിച്ച ഹോട്ടലിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് റെസ്റ്റോറന്റിലെ പാചകക്കാരൻ കേശവ് നേഗിയെ പൊലീസ് അറസ്റ്റു ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി അയാളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഹോട്ടലിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ച റെസ്റ്റോറന്റിൽ നിന്നാണ് തീപടർന്നതെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അടുക്കളയിലെ ഇലക്‌ട്രക് സ്റ്റൗവിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അപകട സമയത്ത് റെസ്റ്റോറന്റിലുണ്ടായരുന്ന ഡൽഹി ദിൽഷാദ് ഗാർഡൻ സ്വദേശിയായ കേശവിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. ഹോട്ടൽ നടത്തിപ്പുകാരൻ ജയ് മിശ്ര ഒളിവിൽ തന്നെയാണ്.
ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ കിർഗിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്ക്, ലൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാടക്കം 21 പേരാണ് മരിച്ചത്. ഇതിൽ ഒരു 16 കാരിയുമുണ്ട്. പരിക്കേറ്റ് മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് പേരുടെ നില മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഒരാൾ വെന്റിലേറ്ററിൽ തുടരുന്നു. 13 വിദേശികൾ അടക്കം 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 9 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |