
ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ കാലവർഷം രാജ്യവ്യാപകമായി. കനത്ത മഴയും വെള്ളക്കെട്ടും മൂലം ഡൽഹി അടക്കം ഉത്തരേന്ത്യയിൽ ജനജീവിതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളിൽ വൻ നാശം വിതച്ച മഹാരാഷ്ട്രയിലും മുംബയിലും ഇന്നലെ മഴയ്‌ക്ക് ശമനമുണ്ടായി.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹി സഫ്ദർജംഗ് മഴമാപിനിയിൽ 76 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
ഡൽഹിയിൽ ബുധനാഴ്‌ച ഉച്ചയ്‌ക്ക് തുടങ്ങിയ മഴ രാത്രിയും ഇന്നലെ രാവിലെയും തുടർന്നു. അകമ്പടിയായി ഇടിമിന്നലും കാറ്റുമുണ്ടായിരുന്നു. ഉച്ചയോടെയാണ് മഴ തോർന്നത്. താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡരുകിൽ പാർക്കു ചെയ‌്ത വാഹനങ്ങൾ മുങ്ങി. മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. രഞ്ജിത് നഗറിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വലിയ മരം വീണ് വാഹനത്തിന് കേടുപറ്റിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡൽഹിയോട് ചേർന്ന നോയിഡയിലും ഗാസിയാബാദിലും വ്യാപകമായ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനിടയാക്കി.
രോഹിണിയിൽ കഴിഞ്ഞ ദിവസം നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റെവിടെയും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അരുണാചൽ പ്രദേശിലെ ആറ് ജില്ലകളിലായി പുതിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തു. ഹിമാചൽ പ്രദേശിൽ കിന്നൗർ ജില്ലയിൽ ലിപ്പ ഗ്രാമത്തിലെ 100 അടി ഉയരമുള്ള ഇരുമ്പ് പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |