ബംഗളൂരു: 'ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ"... ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ട് മനസിലാക്കാനാണ് കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് വേഷം മാറി യാത്രക്കാരനായെത്തിയത്. യാത്രക്കാർ നേരിടുന്നത് 'ചില്ലറ" ബുദ്ധിമുട്ടല്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. ചില്ളറ ഇല്ലെന്ന കാരണത്താൽ മന്ത്രിയെ കണ്ടക്ടർ ബസിൽ നിന്നിറക്കി വിട്ടു. പിന്നാലെ ഡ്രൈവറെയും കണ്ടക്‌ടറെയും സസ്‌പെൻഡ് ചെയ്തു. ആളെ മനസിലാകാതിരിക്കാൻ മാസ്ക് ധരിച്ചാണ് മന്ത്രിയെത്തിയത്.
ശനിയാഴ്ച ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലായിരുന്നു യാത്ര. 100 രൂപ നോട്ട് നൽകി രണ്ട് ടിക്കറ്റുകൾ മന്ത്രി ആവശ്യപ്പെട്ടു. തുക ചില്ലറയായി നൽകണമെന്ന് കണ്ടക്ടർ പറഞ്ഞു. കൈയിൽ ചില്ലറയില്ലെന്ന് മന്ത്രിയുടെ മറുപടി. തന്റെ കൈയിലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടറുടെ ആജ്ഞ. ഡ്രൈവറും ഇതാവർത്തിച്ചു. തുടർന്ന് ഒന്നും മിണ്ടാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഡ്രൈവറെയും കണ്ടക്‌ടറെയും തേടി സസ്പെൻഷനെത്തി.
ഓട്ടോയിലും യാത്ര
ബസിൽ നിന്നിറങ്ങിയ മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. നാഗഷെട്ടിഹള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോക്കാരനും മന്ത്രിയെ പിടികിട്ടിയില്ല. മീറ്ററിൽ രേഖപ്പെടുത്തിയ 30 രൂപയ്ക്ക് പകരം 36 രൂപ ഓട്ടോക്കാരൻ ചോദിച്ചത് മന്ത്രി ചോദ്യം ചെയ്തു. മീറ്ററിന് കുഴപ്പമുണ്ടെന്ന് പറഞ്ഞതോടെ 40 രൂപ നൽകി മന്ത്രി ഇറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |