ന്യൂഡൽഹി : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രമന്ത്രി കിരൺ റിജിജു ഖത്തറിലെത്തി ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഷെയ്ഖ് ഹമദിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഷെയ്ഖ് ഹമദ് ദീർഘ വീക്ഷണമുള്ള നേതാവായിരുന്നുവെന്നും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും എക്സിൽ പങ്കുവച്ച അനുശോചന കുറിപ്പിൽ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ന് രാവിലെ ദോഹയിലായിരുന്നു ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചത് . ഖത്തറിൽ ഇന്ന് മുതൽ നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും സർക്കാർ/പൊതുസ്ഥാപനങ്ങൾക്കും നാളെ മുതൽ 18 വരെ അവധിയാണ്. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ലുസൈൽ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.
1995ൽ ഖത്തറിന്റെ അമീറായി അധികാരത്തിലേറിയത് മുതൽ 2013ൽ സ്ഥാനമൊഴിയും വരെ സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും അദ്ദേഹം ഇന്ത്യയടക്കം ലോകരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുത്തു. ആധുനിക ഖത്തറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് ഹമദ്,തന്റെ രാജ്യത്തെ വിശാലമായ പ്രകൃതി വാതക സമ്പത്ത് ഉപയോഗിച്ച് വിദ്യാഭ്യാസ,സാമൂഹിക പരിഷ്കരണ,സാമ്പത്തിക വികസന പദ്ധതികൾക്ക് അടിത്തറ പാകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |