
ന്യൂഡൽഹി: പാക്കേജ്ഡ് ഫുഡിൽ പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതിൽ ഉണ്ടെങ്കിൽ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ശകാരമാണ് ഫലം കാണുന്നത്. നിലവിൽ പാക്കറ്റിന്റെ പുറത്തുവശത്ത് ഉപയോഗിച്ചിരിക്കുന്നതിനേക്കാൾ വലിയ അക്ഷരത്തിൽ മുൻവശത്ത് രേഖപ്പെടുത്തും. ചുവപ്പ് നിറത്തിൽ ഷഡ്‌ഭുജാകൃതിയിലായിരിക്കും (ഹെക്‌സഗൺ ഷെയ്‌പ്) മുന്നറിയിപ്പ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് കേന്ദ്രസർക്കാരിനെയും എഫ്.എസ്.എസ്.എ.ഐയെയും
രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച അനുവദിക്കാൻ കഴിയില്ലെന്നും നിലപാടെടുത്തു. കുട്ടികൾ അടക്കം പാക്കറ്ര് ഭക്ഷ്യ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പാക്കറ്റുകളുടെ മുൻഭാഗത്ത് കൃത്യമായ വിവരങ്ങൾ ലഭ്യമാകണം. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുകയാണോയെന്നും ചോദിച്ചു. അന്ത്യശാസനമാണിതെന്നും, നടപടിയുണ്ടായില്ലെങ്കിൽ നേരിട്ട് വിധി പുറപ്പെടുവിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. തിങ്കളാഴ്ച വിഷയം പരിഗണിക്കാനിരിക്കെയാണ് ഭക്ഷ്യസുരക്ഷാ അതോറിട്ടി സത്യവാങ്മൂലം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |