
ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെ വീണ്ടും ആക്രമണം. കാങ്‌പോക്പി ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. അജ്ഞാതരായ സംഘം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
പിന്നിൽ കുക്കി വിഭാഗക്കാരാണെന്ന് നാഗകൾ ആരോപിച്ചു. കുക്കി നാഷണൽ ഫ്രണ്ട് (പി), കുക്കി റെവല്യൂഷണറി ആർമി തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ ആരോപിച്ചു. പങ്കില്ലെന്ന് കുക്കിസോ കൗൺസിൽ വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്ന മേഖലയിൽ പുതിയ അക്രമം പ്രശ്നങ്ങൾ ആളിക്കത്തിച്ചു. പ്രദേശത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇന്നലെ വിവിധ സംഘടനകൾ ഹർത്താൽ നടത്തി.
നാഗ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്. റൈറ്റ് പാത്ത് സ്‌കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ടാഡ്‌സോങ്‌ബോ റിങ്കാങ്‌മൈയാണ് കൊല്ലപ്പെട്ടവരിലൊരാൾ. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യുമ്നാം ഖേംചന്ദ് സിംഗ് അടിയന്തര യോഗം വിളിച്ചുചേർത്തു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സുരക്ഷാ സേനാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആക്രമണത്തെ ശക്തമായി അപലപിച്ചു.
സർക്കാരുമായി സമാധാന കരാറിലുള്ള സംഘടനകളുടെ അംഗങ്ങൾ നിശ്ചയിച്ച ക്യാമ്പുകൾക്ക് പുറത്തേക്ക് ആയുധങ്ങളുമായി സഞ്ചരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ആയുധങ്ങൾ കൈമാറാൻ നൽകിയിരുന്ന 15 ദിവസത്തെ സമയപരിധി അവസാനിക്കുന്ന വേളയിലാണ് യോഗം ചേർന്നത്. മേയിൽ നാഗാ വിഭാഗത്തിൽപ്പെട്ട ആറ് പേരെ ബന്ദികളാക്കിയ ശേഷം അക്രമികൾ കൊലപ്പെടുത്തിയിരുന്നു. അക്രമികൾക്കായി സുരക്ഷാ സേന തെരച്ചിൽ ഊർജ്ജിതമാക്കി.
വാഹനത്തിനുനേരെ വെടിവച്ചു
യൂണിഫോം ധരിച്ചെത്തിയ സായുധരായ അക്രമികൾ തങ്ങളുടെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പൊലീസിനെ അറിയിച്ചു. സേനാപതി ജില്ലയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. നാല് പേർ സംഭവസ്ഥലത്തുവച്ചു മരിച്ചു, ഞങ്ങൾ രണ്ടുപേർ രക്ഷപ്പെട്ടു. അക്രമികളുടെ തോക്കുകളുടെ മുകൾഭാഗത്ത് ചുവന്ന റിബണുകൾ കെട്ടിയിരുന്നെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |