SignIn
Kerala Kaumudi Online
Monday, 05 October 2026 2.37 AM IST

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്:..... ആദ്യ ദിനം തന്നെ പത്രിക വാങ്ങി തരൂർ

ss

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പാക്കി ഡോ. ശശി തരൂർ എം.പി ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് നാമനിർദ്ദേശ പത്രിക വാങ്ങി. പേഴ്സണൽ സ്റ്റാഫ് അംഗം ആലിം ജാവേരി വഴിയാണ് അഞ്ചു സെറ്റ് പത്രിക തരൂർ വാങ്ങിയത്. പത്രിക കൈമാറണമെന്ന തരൂരിന്റെ കത്ത് പ്രതിനിധി എ.ഐ.സി.സി ആസ്ഥാനത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്‌ത്രിയുടെ ഒാഫീസിൽ നൽകിയിരുന്നു. എന്നാൽ പത്രിക എന്നു സമർപ്പിക്കുമെന്ന് തരൂർ വെളിപ്പെടുത്തിയിട്ടില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് 26ന് ശേഷം പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. മത്സരിക്കുമെന്ന് സൂചന നൽകിയ മനീഷ് തിവാരി എം.പിയുടെ നീക്കങ്ങൾ രഹസ്യമാണ്. 30വരെ പത്രിക സമർപ്പിക്കാം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലക്ഷ്മികാന്ത് ശർമ്മ, ഉത്തർപ്രദേശിലെ സംഭാൽ സ്വദേശി വിനോദ് സാരതി എന്നിവരും ഇന്നലെ പത്രിക വാങ്ങി. ഇരുവരും പി.സി.സി പ്രതിനിധികളല്ല. എന്നാൽ തങ്ങളെ പിന്തുണയ്‌ക്കാൻ പത്ത് പി.സി.സി പ്രതിനിധികളുണ്ടെന്ന് ഇരുവരും പറഞ്ഞു.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ ഒന്നിന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്‌ടോബർ എട്ടിന് വൈകിട്ട് 5ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

 നിർണായക നീക്കങ്ങളുമായി സച്ചിൻ

അശോക് ഗെലോട്ടിന്റെ പിൻഗാമിയായി രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന സച്ചിൻ പൈലറ്റ് എം.എൽ.എമാരുമായി ചർച്ച തുടങ്ങി. 200 അംഗ നിയമസഭയിലെ 108 എം.എൽ.എമാരിൽ ഭൂരിപക്ഷവും ഗെലോട്ടിന്റെ അനുഭാവികളാണ്. ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടെങ്കിലും ഗെലോട്ട് പക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഭരിക്കാൻ കഴിയില്ലെന്നുറപ്പുള്ളതിനാലാണ് സച്ചിൻ എം.എൽ.എമാരുമായി ചർച്ച തുടങ്ങിയത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ നിന്ന് ജയ്‌പൂരിൽ തിരിച്ചെത്തിയ സച്ചിൻ കഴിഞ്ഞ ദിവസം സ്‌പീക്കർ സി.പി. ജോഷിയെയും ചീഫ് വിപ്പ് മഹേഷ് ജോഷിയെയും കണ്ടിരുന്നു. സച്ചിന്റെ വരവു തടയാൻ സി.പി. ജോഷിയെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ട് ചരടു വലിക്കുന്നതായും സൂചനയുണ്ട്. എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360