SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.28 AM IST

'ബോധം വന്നപ്പോൾ ചുറ്റും കൈകാലുകൾ ചിതറി കിടക്കുന്നു, ഒരാളുടെ മുഖം വികൃതമായി'; നടുക്കം മാറാതെ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ

train-accident

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെ 280പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് ഒഡീഷയിലെ ബഹാനഗര്‍. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും അതിന്റെ നടുക്കത്തിൽ നിന്ന് മാറിയിട്ടില്ല പലരും.

"ട്രെയിൻ പാളം തെറ്റിയപ്പോഴാണ് ഞാൻ ഉണർന്നത്. 10-15പേർ എന്‍റെ പുറത്ത് വീണു. എന്റെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു, ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ, കൈകാലുകൾ ചുറ്റും ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഒരാളുടെ മുഖം വികൃതമായിരുന്നതും കണ്ടു.'- അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് പറഞ്ഞു.

പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡീഷയിലെ ബഹനഗറിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടത്. ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി 7.20നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ - ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TRAIN ACCIDENT, ODISHA TRAIN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360