SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.25 AM IST

 ഖാർഗെയ്ക്കെതിരായ അധിക്ഷേപം സ്റ്റേഷൻ ഉപരോധിച്ച് എം.പിമാർ: ഒടുവിൽ കേസെടുത്തു

d

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ
കോൺഗ്രസ് എം.പിമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തെന്ന് ഡൽഹി പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കേസെടുക്കണമെന്നാവശ്യപ്പെട്ട് 15ലേറെ എം.പിമാർ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് എം.പിമാർ സ്റ്റേഷനിൽ കുത്തിയിരുന്ന് മൂന്നര മണിക്കൂറോളം പ്രതിഷേധിച്ചു.

ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന്റെ രേഖ എം.പിമാർക്ക് കൈമാറിയതോടെ പ്രതിഷേധം അവസാനിച്ചതായി അറിയിക്കുകയായിരുന്നു.

സമാന പരാതിയിൽ ബംഗളൂരു വിധാൻ സൗധ പൊലീസ് നേരത്തെ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിലെ എസ്.സി./എസ്.ടി എംപിമാർ കഴിഞ്ഞ ദിവസം എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽക്കണ്ട് പരാതി നൽകാനായിരുന്നു ആദ്യ തീരുമാനം. 32 എസ്.സി/എസ്.ടി എംപിമാർ ചേർന്ന് രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ എംപിമാർ വീണ്ടും യോഗം ചേർന്ന് പൊലീസിൽ നേരിട്ട് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലെത്തിയ എം.പിമാരെ ആദ്യം പൊലീസ് തടഞ്ഞു. കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പ്രവേശനം തടഞ്ഞതെന്ന് എം.പിമാർ ആരോപിച്ചു. ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, മല്ലു രവി, വംശി ഗദ്ദം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പ്രചാരണ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം. സെപ്റ്റംബർ 12ന് ജന്തർ മന്ദറിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360