
ന്യൂഡൽഹി: പ്രമുഖ മണിപ്പൂരി സംഗീതജ്ഞൻ ചോംഗ്താം വിക്രം സിംഗ് (54) ഡൽഹിയിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഞായറാഴ്ച
ആശ്രമിലെ വീടിന് മുമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അദ്ദേഹത്തെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്രം സിംഗ് തിങ്കളാഴ്ച മരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ സമീപത്തെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്നവരാണ്.
സംഭവത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും കേസ് നിരീക്ഷിക്കുന്നുണ്ടെന്നും റിജിജു വ്യക്തമാക്കി. മരണത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 'ഞങ്ങളും ഇന്ത്യക്കാരാണ്' എന്ന മുദ്രാവാക്യവുമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി.
സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ രംഗത്തെത്തി. കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചു. വടക്കുകിഴക്കൻ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയും ആവശ്യപ്പെട്ടു.
മണിപ്പൂരിന്റെ പാശ്ചാത്യ സംഗീതരംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന വിക്രം സിംഗ് ഡൽഹിയിൽ സംഗീതാദ്ധ്യാപകനായിരുന്നു. 'ഫീനിക്സ്' ഉൾപ്പെടെയുള്ള ബാൻഡുകളിൽ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന അദ്ദേഹം ഡൽഹിയിൽ സ്വന്തമായി സംഗീതവിദ്യാലയവും നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |