
ജക്കാർത്ത : ഇൻഡോനേഷ്യയിലെ 'കുഞ്ഞ് ഭീകരൻ" എന്നറിയപ്പെടുന്ന അനക് ക്രാകത്തോവ അഗ്നിപർവതത്തിൽ ഉഗ്ര സ്ഫോടനം. ആളപായമില്ല. അഗ്നിപർവതത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആളുകൾ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. പർവതത്തിന്റെ 10 മൈൽ അകലെയാണ് ജനവാസ മേഖല.
ഇന്നലെ രാവിലെ 50,000 അടി ഉയരത്തിലേക്ക് ചാരം തെറിച്ചതോടെ മേഖലയിലെ വ്യോമഗതാഗതം സ്തംഭിച്ചു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലെ സുന്ദാ സ്ട്രെയ്റ്റിലാണ് അനക് ക്രാകത്തോവ. ഇവിടെ നിന്ന് 150 കിലോമീറ്റർ അകലെ തലസ്ഥാനമായ ജക്കാർത്തയിലുള്ള സോകാർണോ ഹട്ടാ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഏഴ് പ്രാദേശിക വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു. 1,500 ലേറെ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
1,50,000ത്തോളം യാത്രക്കാർ കുടുങ്ങി. സിംഗപ്പൂർ എയർലൈൻസും മലേഷ്യ എയർലൈൻസും ഇന്നലെ ജക്കാർത്തയിലേക്ക് നടത്തേണ്ടിയിരുന്ന എല്ലാ സർവീസുകളും റദ്ദാക്കി. പൊട്ടിത്തെറിയുടെ ഫലമായി രണ്ട് ഭീമൻ ചാര മേഘങ്ങൾ രൂപപ്പെട്ടു. ഒന്ന് 20,000 അടി ഉയരത്തിൽ ഗ്രേറ്റർ ജക്കാർത്ത മേഖലയെ ലക്ഷ്യമാക്കിയും മറ്റൊന്നും 50,000 അടി ഉയരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും നീങ്ങുന്നു. ഇവിടങ്ങളിൽ ചാരവും പൊടിപടലങ്ങളും പതിക്കാമെന്ന് മുന്നറിയിപ്പുണ്ട്. മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകി. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നായ പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യയിൽ ഏകദേശം 130 ഓളം സജീവ അഗ്നിപർവതങ്ങളുണ്ട്.
അപകടകാരി
2018 ഡിസംബറിലെ പൊട്ടിത്തെറിയിൽ അനക് ക്രാകത്തോവയുടെ ഉയരം 1,109 അടിയിൽ നിന്ന് 515 അടിയായി ചുരുങ്ങി. 400ലേറെ പേരുടെ മരണത്തിനിടയാക്കിയ സുനാമിയുണ്ടായി
1927ൽ പ്രശസ്തമായ ' ക്രാകത്തോവ" അഗ്നിപർവതത്തിൽ നിന്ന് രൂപപ്പെട്ടു. 'ക്രാകത്തോവയുടെ കുഞ്ഞ് "എന്നാണ് അനക് ക്രാകത്തോവയുടെ അർത്ഥം. 1883ൽ ക്രാകത്തോവയിലുണ്ടായ പൊട്ടിത്തെറി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമാണ്. പിന്നാലെയുണ്ടായ കൂറ്റൻ സുനാമി 36,000 ത്തിലേറെ മനുഷ്യജീവൻ കവർന്നു
ക്രാകത്തോവ സ്ഫോടനത്തിന്റെ ഘോരമായ ശബ്ദം 1,000 കിലോമീറ്റർ അകെലയുള്ള ഓസ്ട്രേലിയയിലെ പെർത്ത്, 4,800 കിലോമീറ്റർ ദൂരെയുള്ള മൗറീഷ്യസ് തുടങ്ങിയ പ്രദേശങ്ങളിൽ വരെ കേട്ടത്രെ. ഭൂമിയിലുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്ദമായിരുന്നു അത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |