
ന്യൂഡൽഹി: മധുര പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ച തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണ് പാർട്ടി ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സയ്‌ക്ക് വിധേയമാകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മേൽഘടകങ്ങൾ അടക്കം തിരുത്തലിന് വിധേയരാകുമെന്നും നേതൃമാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. പി.ബി യോഗത്തിന്റെ തീരുമാനം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു വിശദീകരണം.
പാർലമെന്ററി വ്യാമോഹം, ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കൽ, കൂട്ടായ പ്രവർത്തനം എന്നിവ സംബന്ധിച്ച് പോളിറ്റ് ബ്യൂറോ യോഗത്തിൽ അംഗങ്ങൾ സ്വയം വിമർശനം നടത്തി. അസുഖം വന്നാൽ ചവിട്ടി ഉഴിച്ചിൽ വേണ്ടി വരും. മേൽഘടകങ്ങൾ പാർലമെന്ററി വ്യാമോഹങ്ങളിൽ നിന്ന് വിമുക്തമാകണം. ജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കണം. പാർട്ടി നയം, പ്രവർത്തനം, പാർട്ടിആശയം എന്നിവയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ കേൾക്കണം. നേതാക്കൾ കമ്മിറ്റി ചട്ടക്കൂടുകളിൽ നിന്ന് മാറി ഓരോ സംസ്ഥാനത്തെയും ജനങ്ങളുമായി ഇടപഴകാൻ കൂടുതൽ സമയം കണ്ടെത്തണം. അവർക്ക് പറയാനുള്ളത് കേൾക്കണം. ഒരു ടീമായി പ്രവർത്തിക്കാൻ സ്വീകരിക്കേണ്ട നടപടികൾ അടക്കം തിരുത്തൽ പ്രക്രിയ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്‌തു. ഓരോ അംഗവും അഭിപ്രായം എഴുതി നൽകി.
ബലഹീനതകൾ പരിഹരിച്ച് പാർട്ടിയെ കരുത്തുറ്റതാക്കാനാണ് കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി. കരുത്താർജ്ജിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഓരോ സഖാവിനും ബാദ്ധ്യതയുണ്ട്. വിശാല സംസ്ഥാന കമ്മിറ്റി നടത്തിപ്പിന് പ്രത്യേക മാർഗരേഖ ഇല്ലെന്നും ബേബി പറഞ്ഞു.
പിണറായിയുടെ നിലപാടിന് പിന്തുണ
കണ്ണൂരിലെ രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളിലെ നിലപാടിനെ ജനറൽ സെക്രട്ടറി പിന്തുണച്ചു. പാർട്ടി സ്ഥാനാർത്ഥികളോടുള്ള വിയോജിപ്പ് എതിരാളിക്ക് വോട്ടു ചെയ്യാനുള്ള ന്യായീകരണമല്ല. അത് പാർട്ടി അംഗമെന്ന നിലയിലെ സത്യപ്രതിജ്ഞാ ലംഘനമാണ്. എതിർപ്പുകൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണം. സ്ഥാനാർത്ഥി നിർണയത്തിലെ തെറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മതിച്ചിട്ടുണ്ട്. ജനവിധിയിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |