ചരിത്രത്തിലാദ്യമായി ഡൽഹിക്കു പുറത്ത് ചടങ്ങ്
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങ് 22ന് ഗുജറാത്തിൽ നടത്താൻ തീരുമാനിച്ചു. കേവാഡിയയിലെ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഏകതാ പ്രതിമയ്‌ക്കു സമീപത്തെ കൺവെൻഷൻ സെന്ററിലായിരിക്കും ചടങ്ങ്. 2024ലെ ജേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദി അവാർഡ് കൈമാറും. 72 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഡൽഹിക്കു പുറത്ത് പുരസ്‌കാര വിതരണമെന്നത് ശ്രദ്ധേയമാണ്. 1954ൽ ഡൽഹി വിഗ്യാൻ ഭവനിലാണ് ആദ്യമായി ചടങ്ങ് സംഘടിപ്പിച്ചത്.
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയും,ചന്തു ചാമ്പ്യൻ ഹിന്ദി സിനിമയിലൂടെ കാർത്തിക് ആര്യനും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭ്രമയുഗം ഷെഹ്‌നാദ് ജലാലിനെ മികച്ച ഛായാഗ്രാഹകനുമാക്കി. എ.ആർ.എമ്മിൽ 'അങ്ങു വാനക്കോണിലെ" പാടിയ വെെക്കം വിജയലക്ഷ്‌മിയാണ് മികച്ച ഗായിക. ആർട്ടിക്കിൾ 370 ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി.
തമിഴ് സിനിമ അമരന്റെ സംവിധായകൻ രാജ്‌കുമാർ പെരിയസ്വാമിയാണ് മികച്ച സംവിധായകൻ. നോൺ ഫീച്ചർ വിഭാഗത്തിൽ ആനന്ദജ്യോതി (ജോസ് ആന്റണി) സംവിധാനം ചെയ്‌ത 'ഭദ്രകാളി നാടകം" പ്രത്യേക പരാമർശം നേടിയിരുന്നു. മലയാളിയായ ജോഷി ബെനഡിക്‌ട് സംവിധാനം ചെയ്‌ത ടച്ച്ഡ് ആസ് വാട്ടറാണ് മികച്ച ആനിമേഷൻ ഫിലിം. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമയെ മികച്ച മലയാളചിത്രമായും തിരഞ്ഞെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |