ന്യൂഡൽഹി: നേപ്പാളിലേയ്ക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച യുഎസ് പൗരൻ ഉത്തർപ്രദേശിൽ പിടിയിൽ. യുപിയിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലാണ് സംഭവം. ജോർദാൻ ബ്രൗൺ (36) എന്നയാളെയാണ് സാധുവായ യാത്രാ രേഖകളില്ലാതെ സശസ്ത്ര സീമ ബൽ (എസ്എസ്ബി) പിടികൂടിയത്. ഇയാൾ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയാണെന്നാണ് വിവരം.
ഞായറാഴ്ച സോണൗലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൈനിഹ്വ പ്രദേശത്തെ ബോർഡർ പില്ലർ നമ്പർ 516 ന് സമീപം പതിവ് പട്രോളിംഗിനിടെ എസ്എസ്ബി യുഎസ് പൗരനെ പിടികൂടിയത്. എസ്എസ്ബി ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സേനാംഗങ്ങൾ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം സാധുവായ യാത്രാ രേഖകളോ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് പറഞ്ഞു.
ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയിരുന്നുവെന്നും അവിടെവച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടതായും ബ്രൗൺ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി. താൻ മുൻ യുഎസ് നേവി ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തായ്‌ലൻഡിൽ നിന്ന് കടൽ മാർഗം ശ്രീലങ്കയിലെത്തി. അവിടെ നിന്ന് കടൽ മാർഗം 2025 നവംബർ രണ്ടിന് ഇന്ത്യയിലെത്തി. അന്നുമുതൽ ബ്രൗൺ ഗോവയിൽ താമസിച്ചു വരികയായിരുന്നു.കഴിഞ്ഞദിവസം ഗോവയിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് സോണൗലി അതിർത്തിയിലേക്കും എത്തിയ ഇയാൾ നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് അഡീഷണൽ എസ്പി വ്യക്തമാക്കി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
A 36-year-old American, Jordan Brown from California, was arrested in Uttar Pradesh while allegedly attempting to enter Nepal without valid travel documents. He told police he lost his passport in Thailand and had traveled through Sri Lanka before entering India. A case has been registered, and authorities are investigating the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |