ബീജിംഗ്: സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാത്ത ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് ചൈനീസ് കമ്പനി. അമ്മയ്‌ക്ക് ഭംഗി കുറവായതിനാൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് ജീവനക്കാരൻ പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹെനാൻ മൈനിംഗ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയ് പെജുൻ ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച വേനൽക്കാല ഇന്റേൺഷിപ് പരിപാടിയിലാണ് ഈ സംഭവം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ ആദരിക്കുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഗുണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവനക്കാരന്റെ വിവാഹത്തിനെത്തിയപ്പോൾ അയാളുടെ അമ്മ ചടങ്ങിൽ പങ്കെടുക്കാതെ മറ്റൊരിടത്ത് മാറിയിരിക്കുന്നതായി കണ്ടു. അതേപ്പറ്റി അന്വേഷിച്ചപ്പോൾ അമ്മയ്‌ക്ക് ഭംഗി കുറവായതിനാൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് നാണക്കേടുണ്ടാക്കുമെന്നാണ് ജീവനക്കാരൻ മറുപടി നൽകിയത്.
രണ്ട് വയസുള്ളപ്പോൾ അച്ഛനെ നഷ്‌ടപ്പെട്ട ആ യുവാവിനെ ഒറ്റയ്‌ക്ക് വളർത്തിയ ആ അമ്മയോട് അത്തരത്തിൽ പെരുമാറിയത് തന്നെ പ്രകോപിപ്പിച്ചെന്നും അതിനാൽ ജീവനക്കാരനെ പിരിച്ചുവിടാനാണ് താൻ തീരുമാനിച്ചതെന്നും കുയ് പറഞ്ഞു. മറ്റൊരു ജോലി ലഭിക്കാതായതോടെ മാപ്പ് പറഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി വഴങ്ങിയില്ല. എന്നാൽ, അയാളുടെ അമ്മയ്‌ക്ക് ലോജിസ്റ്റിക് വിഭാഗത്തിൽ ജോലിനൽകിയതായാണ് വിവരം.
കുയിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ചിലർ കുയിന്റെ നടപടിയെ പിന്തുണച്ചപ്പോൾ, ചിലരാകട്ടെ വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ ജീവനക്കാരനെ പിരിച്ചുവിട്ടത് തൊഴിലാളികൾക്കുമേലുള്ള അവകാശലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
A Chinese company fired an employee for excluding his mother from his wedding because he was ashamed of her appearance. The decision sparked debate, with some supporting it as a stand for family values and others calling it a violation of employee rights.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |