SignIn
Kerala Kaumudi Online
Monday, 17 August 2026 7.51 PM IST

ജർമനിയിൽ ഇന്ത്യൻ യുവതിക്ക് ദുരനുഭവം; റെസ്റ്റോറന്റ് ജീവനക്കാരനിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടെന്ന് പരാതി

ananya
സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അനന്യ

ബെർലിൻ: തനിക്കും സുഹൃത്തിനും വിദേശത്തെ ഒരു റെസ്റ്റോറന്റിലുള്ള ജീവനക്കാരനിൽനിന്ന് മോശം പെരുമാറ്റം നേരിട്ടതായി ഇന്ത്യക്കാരിയായ യുവതി. സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അനന്യ എന്ന യുവതിയാണ് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജർമനിയിലെ പീറ്റർ പാനെ ബർഗർ ഗ്രിൽ എന്ന റെസ്റ്റോറന്റിലാണ് സംഭവം. ജോലി ആവശ്യത്തിനായി ഏതാനും മാസങ്ങളായി ജർമനിയിൽ താമസിച്ചുവരികയായിരുന്നു അനന്യ. ഓഗസ്റ്റ് 13ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് യുവതി ദുരനുഭവം വെളിപ്പെടുത്തിയത്. നേരിട്ടത് വംശീയ അധിക്ഷേപമാണെന്ന് സംശയിക്കുന്നതായും യുവതി വീഡിയോയിൽ പറയുന്നു.

വാർണെമുണ്ടെയിലെ പീറ്റർ പാനെയുടെ ഒരു ബ്രാഞ്ചിലാണ് ഞങ്ങൾ പോയത്. റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. ഇതിനിടെ ഒരു ജർമൻ കുടുംബം നേരെ അകത്തേക്ക് കയറി ഒരു വെയിറ്ററോട് സംസാരിച്ച് മേശയിൽ ഇരിക്കുന്നത് കണ്ടു. അതാണ് അവിടത്തെ രീതിയെന്ന് ഞങ്ങൾ കരുതി. ഏകദേശം നാല്–അഞ്ച് മിനിറ്റ് പുറത്തുതന്നെ കാത്തുനിന്നു. റെസ്റ്റോറന്റ് നല്ല തിരക്കിലായിരുന്നതിനാൽ കാത്തിരിക്കേണ്ട സമയം എത്രയാണെന്നും അകത്തുകയറേണ്ട രീതി എന്താണെന്നും ചോദിക്കാനായി ഞാൻ അകത്തേക്ക് കയറി. അകത്ത് നോക്കിയപ്പോൾ കുറേ മേശകൾ ഒഴിഞ്ഞുകിടക്കുന്നതും കണ്ടു. അതുകൊണ്ട് അവിടത്തെ രീതി എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നില്ല.

അപ്പോഴാണ് ഒരു ജീവനക്കാരൻ പെട്ടെന്ന് ഞങ്ങളുടെ നേരെ വന്നത്. വളരെ മോശമായ രീതിയിലാണ് അയാൾ പെരുമാറിയത്. അകത്തേക്ക് വരാൻ പാടില്ലായിരുന്നുവെന്നും പുറത്ത് കാത്തുനിൽക്കണമെന്നും പറഞ്ഞു. ഞങ്ങൾ കുറച്ച് നേരം കാത്തുനിൽക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ പത്ത് സെക്കൻഡിൽ താഴെ മാത്രമാണ് ഞങ്ങൾ കാത്തിരുന്നതെന്ന് അയാൾ പറഞ്ഞു. ഞാൻ അത് എതിർത്തപ്പോൾ അത് അംഗീകരിക്കാൻ ജീവനക്കാരൻ തയ്യാറായില്ല. പിന്നീട് പരിഹാസത്തോടെ, 'നിങ്ങൾക്ക് നല്ല വിശപ്പാണെന്ന് തോന്നുന്നു,' എന്ന് അയാൾ പറഞ്ഞു. പറയുമ്പോൾ കളിയാക്കിക്കൊണ്ടുള്ള ഭാവമായിരുന്നു അയാളുടെ മുഖത്ത്. ഇത്രയും മോശമായി ഞങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ കുറച്ച് മിനിറ്റ് കാത്തിരുന്നുവെന്ന് വീണ്ടും വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ അയാൾ ശബ്ദമുയർത്തി, എന്നെ സംസാരിക്കാൻ അനുവദിക്കാതെ, 'നുണ പറയുന്നത് നിർത്തൂ. എന്നോട് നുണ പറയരുത്,' എന്ന് പറഞ്ഞു.

ശേഷം അയാൾ അവിടെനിന്ന് പോയി അടുത്തുള്ള ഒരു മേശയിൽ രണ്ട് മെനുകൾ ദേഷ്യത്തോടെ കൊണ്ടുവെച്ച് അവിടെ ഇരിക്കാൻ പറഞ്ഞു. അതും ഞങ്ങൾ കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മറ്റ് ജർമൻ കസ്റ്റമർമാരുടെ അടുത്തേക്ക് പോയി അയാൾ ഞങ്ങളെ ചൂണ്ടിക്കാണിച്ച് അസഭ്യം പറഞ്ഞു എനിക്ക് ജർമൻ ഭാഷ അറിയില്ല. പക്ഷേ അയാൾ സംസാരിക്കുന്നത് ഞങ്ങളെക്കുറിച്ചാണെന്ന് വളരെ വ്യക്തമായിരുന്നു. അപ്പോഴാണ് അവിടെ തുടരേണ്ടെന്ന് ഞാനും സുഹൃത്തും തീരുമാനിച്ചത്.

അയാളുടെ അടുത്തുകൂടി പുറത്തേക്ക് പോകുമ്പോൾ ഞാൻ പുഞ്ചിരിച്ച് 'നന്ദി' എന്ന് പറഞ്ഞു. അതിന് അയാൾ വളരെ അഹങ്കാരത്തോടെ അവഗണിച്ചുകൊണ്ട് 'നിങ്ങൾക്ക് സ്വാഗതം, ബൈ' എന്ന് മറുപടി നൽകുകയായിരുന്നു. ഒരുപക്ഷേ ഞങ്ങൾക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാകാം. ഒരുപക്ഷേ എനിക്ക് അറിയാത്ത എന്തെങ്കിലും അവിടത്തെ രീതിയിലുണ്ടായിരിക്കാം. എന്നാൽ ഇരിപ്പിടം സംബന്ധിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിൽ പോലും, മറ്റ് കസ്റ്റമേഴ്‌സിന്റെ മുന്നിൽ ഞങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നത് ഒരു ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്'-. യുവതി കൂട്ടിച്ചേർത്തു.

English Summary

Indian social media influencer Ananya alleged experiencing rude and potentially racially abusive behavior from a staff member at a Peter Pane Burger Grill restaurant in Germany. She shared on Instagram how she and a friend were publicly insulted and yelled at by an employee regarding waiting procedures and then spoken about to other customers, leading them to leave the establishment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OFFBEAT, LATESTNEWS, GERMANY, INDIAN WOMAN, RACISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360