മുംബയ്: ബാറ്റിംഗിൽ വിസ്‌മയം തീർത്ത മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഐപിഎല്ലിലാണ് 38കാരനായ താരം അവസാനമായി കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ താരം 14 മാച്ചുകളിൽ നിന്നായി 335 റൺസാണ് നേടിയത്. 17 വർഷത്തെ ക്രിക്കറ്റ് കരിയറാണ് രഹാനെ അവസാനിപ്പിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ രഹാനെ അരങ്ങേറ്റം കുറിച്ചത്. ഓപ്പണറായി ഇറങ്ങി 31 പന്തിൽ നിന്ന് 69 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ടെസ്റ്റ് ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2013ലെ ബോർഡർ - ഗവാസ്‌കർ ട്രോഫിയിൽ ഡൽഹിയിൽ നടന്ന നാലാമത്തെ ടെസ്റ്റിലാണ് രഹാനെയ്ക്ക് ടെസ്റ്റ് മാച്ചിൽ അവസരം ലഭിച്ചത്.
എന്നാൽ പിന്നീട് 85 ടെസ്റ്റുകളിൽ നിന്ന് 5077 റൺസ് നേടി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായി രഹാനെ മാറി. ഏകദിനങ്ങളിലും രഹാനെ മികച്ച വിജയം നേടി. 90 മത്സരങ്ങളിൽ നിന്ന് 2962 റൺസാണ് അദ്ദേഹം നേടിയത്. ട്വന്റി20 മത്സരങ്ങൾ കളിച്ചെങ്കിലും 375 റൺസ് മാത്രമാണ് നേടിയത്. 2014ൽ ലോർഡ്‌സിൽ നേടിയ സെഞ്ച്വറിയിലൂടെ 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ അതേ സ്റ്റേഡിയത്തിൽ ആദ്യമായി ടെസ്റ്റ് ജയിക്കുന്നതിലും രഹാനെ നിർണായക ശക്തിയായി മാറി.
ഒമ്പത് വർഷത്തെ തുടർച്ചയായ പ്രകടനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരങ്ങളിലെ മോശം ഫോമിന്റെ പേരിൽ രഹാനെ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രഹാനെ ടീമിലേക്ക് തിരിച്ചുവരവ് നടത്തി. എന്നാൽ മൂന്ന് മത്സരങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. 2023 ജൂലായിൽ പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം.
Veteran Indian cricketer Ajinkya Rahane has announced his retirement from all formats of cricket after a 17-year career. The 38-year-old last played in the 2026 IPL, captaining Kolkata Knight Riders, where he scored 335 runs in 14 matches.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |