SignIn
Kerala Kaumudi Online
Thursday, 13 August 2026 7.40 PM IST

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം; പുതിയ ദൗത്യവുമായി മുൻ ടെസ്റ്റ് ക്യാപ്‌ടൻ അജിങ്ക്യ രഹാനെ

ajinkya-rahane-
മുൻ ടെസ്റ്റ് ക്യാപ്ടൻ അജിങ്ക്യ രഹാനെ

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു പിന്നാലെ പുതിയ ദൗത്യം ഏറ്റെടുത്ത് മുൻ ടെസ്റ്റ് ക്യാപ്ടൻ അജിങ്ക്യ രഹാനെ. ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ രഹാനെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കും. ആഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലാണ് 38 കാരനായ രഹാനെ കമന്ററേറ്ററായി ചുമതലയേൽക്കുക. പരമ്പരയിലെ ആദ്യ മത്സരവും കൊളംബോയിൽ നടക്കുന്ന രണ്ടാമത്തെ മത്സരവും സോണി സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെയും സോണി ലിവിലൂടെയും രഹാനെ പ്രേക്ഷകർക്കായി വിശകലനം ചെയ്യും.


'ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ ടെസ്റ്റ് കമന്ററി അരങ്ങേറ്റത്തിൽ അതീവ ഉത്കണ്ഠയോടും ആവേശത്തോടുമൊപ്പമാണ് കാത്തിരിക്കുന്നത്. ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ വർഷങ്ങളോളം പ്രതിനിധീകരിക്കാൻ കഴിഞ്ഞു. ഇപ്പോൾ കളി പുതിയൊരു കോണിൽ നിന്ന് വീക്ഷിക്കുന്നത് വലിയൊരു പദവിയായി കാണുന്നു.' രഹാനെ പ്രതികരിച്ചു.

18 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനൊടുവിലാണ് രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും അടുത്തിടെ വിരമിച്ചത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 38.46 ശരാശരിയിൽ 5,077 റൺസ് നേടിയിട്ടുണ്ട് ഇതിൽ സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ ടീമിന്റെ താത്കാലിക നായകനായിരുന്ന കാലത്ത് ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.


ശ്രീലങ്കൻ ടീമിന്റെ ഹോം ഗ്രൗണ്ടിലെ തന്ത്രങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് ധാരണയുള്ള താരമാണ് രഹാനെ. ലങ്കൻ മണ്ണിലെ പിച്ചുകളെക്കുറിച്ച് കൃത്യമായ അപഗ്രഥനം നൽകാൻ അദ്ദേഹത്തിന് സാധിക്കും. ശ്രീലങ്കയ്‌ക്കെതിരെ ആകെ ഒമ്പത് ടെസ്റ്റുകൾ കളിച്ച രഹാനെ, 424 റൺസ് നേടിയിട്ടുണ്ട്. ലങ്കൻ മണ്ണിൽ കളിച്ച ആറ് മത്സരങ്ങളിൽ 45.22 ശരാശരിയിൽ 407 റൺസാണ് അദ്ദേഹം നേടിയത്.

ശ്രീലങ്കയ്‌ക്കെതിരെ നേടിയ രണ്ട് സെഞ്ച്വറികളും ഒരേയൊരു അർദ്ധസെഞ്ച്വറിയും അവരുടെ സ്വന്തം നാട്ടിൽ വച്ചാണ് താരം കൈവരിച്ചത്. രഹാനെയുടെ കമന്ററി വരാനിരിക്കുന്ന പരമ്പരയിൽ ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് സ്പിൻ പിച്ചുകളിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര നേരിടാൻ പോകുന്ന വെല്ലുവിളികളെ വിലയിരുത്താൻ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിർണായകമാകും.

English Summary

Former India Test captain Ajinkya Rahane is set to begin a new innings as a cricket commentator following his retirement from international cricket. The 38-year-old will make his commentary debut during India’s upcoming two-match Test series against Sri Lanka, starting August 15 in Galle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJINKYA RAHANE, COMMENTARY, INDA VS SRILANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360