മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യൻ ടീമിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മുഖ്യപരിശീലകൻ ഗൗതം ഗംഭീറും മലയാളി താരം സഞ്ജു സാംസണും തമ്മിൽ മൈതാനത്ത് നടത്തിയ ഗൗരവമേറിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു കോച്ചെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ക്രിക്കറ്റിൽ കാര്യങ്ങൾ എത്ര പെട്ടെന്നാണ് മാറിമറിയുന്നത് എന്നതിന്റെ നേർക്കാഴ്ചയായിരുന്നു സഞ്ജുവിന്റെ പുറത്തിരിക്കലെന്നാണ് ആരാധകർ ഉന്നയിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയപ്പോൾ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവായിരുന്നു. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മൂന്ന് നിർണായക വിജയങ്ങളും സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു പിറന്നത്.
അന്ന് സഞ്ജുവിനെ 'വേൾഡ് ക്ലാസ് പ്ലെയർ' എന്ന് വിശേഷിപ്പിച്ച് പരസ്യമായി പിന്തുണച്ച വ്യക്തിയാണ് പരീശീലകൻ ഗൗതം ഗംഭീർ. എന്നാൽ നിലവിലെ യുകെ പര്യടനത്തിൽ 5, 0, 1 എന്നിങ്ങനെ കുറഞ്ഞ സകോറുകൾക്ക് പുറത്തായതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി തുടരുന്നതിനാൽ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നത്.
സഞ്ജുവിനെ പുറത്തിരുത്താൻ മാനേജ്‌മെന്റ് എടുത്ത പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല ഇത്. വമ്പൻ വേദികളിൽ തിളങ്ങിയ കളിക്കാരെ പെട്ടെന്ന് തഴയില്ലെന്ന് മത്സരത്തിന്റെ തലേന്ന് പോലും കോച്ചിംഗ് സ്റ്റാഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ മാഞ്ചസ്റ്ററിൽ ടോസിനുള്ള സമയമായപ്പോഴേക്കും ടീം പുതിയൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ലോകകപ്പിലെ മികച്ച താരമായിട്ടും മൂന്ന് മത്സരം മോശമായതിന്റെ പേരിൽ സഞ്ജുവിന് സ്ഥാനം നഷ്ടമായി എന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.
സഞ്ജുവിന് പകരം ടീമിലെത്തിയ കൗമാര താരം വൈഭവ് സൂര്യവംശി ചരിത്ര റെക്കാഡോടെയാണ് ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കാഡ് മറികടന്ന്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് വൈഭവ് നേടിയത്. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വൈഭവ് പത്ത് പന്തിൽ രണ്ട് സിക്സുൾപ്പെടെ 14 റൺസെടുത്താണ് പുറത്തായത്.
അതേസമയം, രണ്ടാം ട്വന്റി-20യിൽ നാല് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയിരുന്നു. എന്നാൽ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു (191/6).
As Vaibhav Suryavanshi replaced Sanju Samson, Gambhir was seen having a long & animated chat with Samson. pic.twitter.com/OVR2FIJsGe
— Varun (@Defending_18) July 4, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |