SignIn
Kerala Kaumudi Online
Saturday, 04 July 2026 9.54 PM IST

അമിതവേഗതയും അശ്രദ്ധയും: ഓരോ മണിക്കൂറിലും റോഡപകടങ്ങളിൽ പൊലിയുന്നത് 20ഓളം ജീവൻ

accident
വാഹനാപകടം.

ന്യൂഡൽഹി: ആഗോളതലത്തിലും ദേശീയതലത്തിലും വില്ലനായി മാറുകയായണ് റോഡപകടങ്ങൾ. ഇന്ത്യയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സർക്കാർ റിപ്പോർട്ടുകളും ലോകാരോഗ്യ സംഘടനയുടെ കണക്കുകളും വ്യക്തമാക്കുന്നത്. അമിതവേഗതയും അശ്രദ്ധയും ട്രാഫിക് നിയമലംഘനങ്ങളും കാരണം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനുകളാണ് നിരത്തുകളിൽ പൊലിയുന്നത്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം പ്രതിവർഷം ശരാശരി 5,657 റോഡപകടങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 1,551 പേർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ഓരോ മാസവും 471 അപകടങ്ങളും, 129 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദിവസ കണക്കിലേക്ക് വന്നാൽ 16 അപകടങ്ങളിൽ നാലുപേർക്കെങ്കിലും ജീവൻ നഷ്ടമാകുന്നു.

അപകടങ്ങൾ വർദ്ധിക്കുന്നതിനെ തുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് ഡ‌ൽഹി പൊലീസ് സ്വീകരിക്കുന്നത്. 2026 ജനുവരി മുതൽ ജൂൺ 25 വരെയുള്ള കണക്കനുസരിച്ച് 3,42,381 ചെല്ലാനുകളാണ് തെറ്റായ ദിശയിൽ വണ്ടിയോടിച്ചവർക്ക് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,72,879 ആയിരുന്നു. 98ശതമാനമാണ് വർദ്ധനവ്. ഈ ഇനത്തിൽ മാത്രം 397 എഫ്.ഐ.ആറുകൾ അടക്കം വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ആകെ 2,033 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.

സുഗമമായ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് 10,62,350 ചെല്ലാനുകൾ നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (7,78,258) 36.5 ശതമാനം വർദ്ധനവാണിത്. അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ വാഹനമോടിച്ച കേസുകൾ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ 189ശതമാനം വർദ്ധിച്ചു. 33,413 കേസുകളിൽ നിന്നും 96,472 കേസുകളായാണ് ഇത്തവണ ഉയർന്നത്. രാജ്യസഭയിൽ സമർപ്പിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2019 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഡിജിറ്റൽ സംവിധാനങ്ങൾ വഴി വൻതോതിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ലോകമെമ്പാടുമായി ഓരോ വർഷവും ഏകദേശം 11.9 ലക്ഷം ആളുകളാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. അഞ്ച്കോടിയോളം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. അഞ്ച് മുതൽ 29 വയസുവരെയുള്ള കുട്ടികളുടെയും യുവാക്കളുടെയും മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കിലൂടെ സൂചിപ്പിക്കുന്നത്. മരിക്കുന്നവരിൽ ഏറെയും കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ബൈക്ക് യാത്രികരുമാണ്. ഇവരെ 'അപകടസാദ്ധ്യത കൂടിയ റോഡ് ഉപയോക്താക്കൾ' (Vulnerable Road Users) എന്നാണ് കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, ROAD SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360